Pravasimalayaly

പ്രശാന്ത് കിഷോർ കോൺഗ്രസിലേക്ക്;സോണിയ ഗാന്ധിയുമായി രണ്ട് തവണ കൂടിക്കാഴ്ച നടത്തി

തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ കോൺഗ്രസിലേക്ക്. അടുത്ത മാസം ഏഴിന് അംഗത്വം സ്വീകരിക്കുമെന്നാണ് സൂചന. അഴിച്ചുപണി ലക്ഷ്യമിട്ടാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിൻ്റെ നിർണായക നീക്കം. അടുത്ത മാസം 13, 14 തീയതികളിൽ ചിന്തൻ ശിബിർ നടക്കും.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ സോണിയ ഗാന്ധിയുമായി പ്രശാന്ത് കിഷോർ രണ്ട് തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രശാന്ത് കിഷോറിന്റെ നിർദേശങ്ങളിൽ രൺദീപ് സിംഗ് സുർജേവാല കോൺഗ്രസ് അധ്യക്ഷയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു. നേതാക്കളുടെ അഭിപ്രായങ്ങളാണ് റിപ്പോർട്ടിലുള്ളത്. പ്രശാന്ത് കിഷോറിനെ പാർട്ടി ചുമതലയിൽ നിയോഗിക്കണമെന്ന് എ കെ ആന്റണി വ്യക്തമാക്കിയെന്നും സൂചനയുണ്ട്.

പ്രശാന്ത് കിഷോറിന്റെ നിർദേശങ്ങളിലും മുന്നോട്ടുവച്ച ഫോർമുലയിലും മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. പ്രശാന്ത് കിഷോറുമായി ജയറാം രമേശ്, അംബിക സോണി, കെ സി വേണുഗോപാൽ എന്നിവർ കൂടിക്കാഴ്ച നടത്തിയിരുന്നു.

2024 ൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിനുള്ള തന്ത്രവും പ്രശാന്ത് കിഷോറിന്റെ ഫോർമുലയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കിഷോറിന്റെ സംഘടനയായ ഐപാക് അറിയിച്ചിട്ടുണ്ട്. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരാൾ കോൺഗ്രസ് സ്ഥിരം അധ്യക്ഷനോ വൈസ് പ്രസിഡന്റോ ആകണമെന്ന് പ്രശാന്ത് കിഷോർ നിർദേശിച്ചതായാണ് വിവരം. പാർട്ടിയെ നവീകരിക്കാനുള്ള പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങൾ പ്രാവർത്തികമാകുന്നതോടെ തങ്ങളിൽ പലരുടേയും സ്ഥാനങ്ങൾ നഷ്ടപ്പെട്ടേക്കുമെന്ന ആശങ്കയും മുതിർന്ന നേതാക്കൾക്കുണ്ട്. ഈ എതിർപ്പുകളെ കോൺഗ്രസ് എങ്ങനെ മറികടക്കുമെന്നാണ് ഉയരുന്ന ഏറ്റവും നിർണായകമായ ചോദ്യം.

Exit mobile version