നടുക്കത്തോടെയാണ് പ്രതാപ് പോത്തന്റെ വിയോഗ വാര്‍ത്ത മലയാളികള്‍ കേട്ടറിഞ്ഞത്. നടനും, സംവിധായകനും, രചയിതാവും, നിര്‍മാതാവുമെല്ലാമായി മലയാള സിനിമയിലെ ബഹുമുഖ പ്രതിഭയായി തിളങ്ങി നിന്നു പ്രതാപ് പോത്തന്‍. 1952ല്‍ തിരുവനന്തപുരത്താണ് പ്രതാപ് പോത്തന്റെ ജനനം. ഹരിപോത്തന്‍ മൂത്ത സഹോദരന്‍ ആണ്. ഊട്ടിയിലെ ലോറന്‍സ് സ്‌കൂളിലായിരുന്നു പഠനം. പിന്നീട് മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ബി.എ. സാമ്പത്തിക ശാസ്ത്ര ബിരുദം നേടി.
മദ്രാസ് പ്ലയേഴ്സിലെ അഭിനേതാവായിരുന്ന പ്രതാപിന്റെ അഭിനയമികവ് കണ്ട ഭരതന്‍ തന്റെ ആരവം എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു. പിന്നീട് തകര, ചാമരം, ലോറി എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. നെഞ്ചെത്തെ കിള്ളാതെ, പന്നീര്‍ പുഷ്പങ്ങള്‍, വരുമയിന്‍ നിറം ശിവപ്പു എന്നീ ചിത്രങ്ങളിലെ അഭിനയം തമിഴിലും പ്രതാപിനെ പ്രശസ്തനാക്കി. കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത വരുമയിന്‍ നിറം ശിവപ്പു എന്ന ചിത്രത്തിലെ പ്രതാപിന്റെ അഭിനയമാണ് ഇവയില്‍ അവിസ്മരണീയമായത്.
1985ല്‍ നടി രാധികയെ പ്രതാപ് പോത്തന്‍ വിവാഹം കഴിച്ചു. എന്നിരുന്നാലും, അവരുടെ വിവാഹജീവിതം അധികനാള്‍ നീണ്ടുനിന്നില്ല, 1986-ല്‍ അവര്‍ വേര്‍പിരിഞ്ഞു. തുടര്‍ന്ന് സീനിയര്‍ കോര്‍പ്പറേറ്റ് പ്രൊഫഷണലായിരുന്ന അമല സത്യനാഥിനെ 1990-ല്‍ അദ്ദേഹം വീണ്ടും വിവാഹം കഴിച്ചു. ദമ്പതികള്‍ക്ക് 1991-ല്‍ ജനിച്ച കേയ എന്ന ഒരു മകളുണ്ട്. 22 വര്‍ഷത്തിന് ശേഷം ഈ വിവാഹവും 2012-ല്‍ അവസാനിച്ചു.
ഒരിടവേളയ്ക്ക് ശേഷം 2005 ലാണ് പ്രതാപ് പോത്തന്‍ മലയാള സിനിമയില്‍ സജീവമാകുന്നത്. തന്മാത്രയിലൂടെയായിരുന്നു ആ തിരിച്ചുവരവ്. പിന്നീട് 22 ഫീമെയില്‍ കോട്ടയം, അയാളും ഞാനും തമ്മില്‍, ആറ് സുന്ദരിമാരുടെ കഥ, ഇടുക്കി ഗോള്‍ഡ് , ബാംഗ്ലൂര്‍ ഡെയ്സ് എന്നീ ചിത്രങ്ങളിലൂടെ നമുക്ക് മറക്കാനാകാത്ത ഒരുപിടി നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ചു. മോഹന്‍ലാലിന്റെ ബറോസാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.
മലയാളം, തമിഴ്,കന്നട, തെലുങ്കു, ഹിന്ദി എന്നീ ഭാഷകളിലുള്ള 95 ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മുപ്പതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു. തിരക്കഥാകൃത്ത്, നിര്‍മാതാവ് എന്നീ നിലകളിലും പ്രശസ്തനാണ്.മലയാളത്തില്‍ ‘ഋതുഭേദം,’ ‘ഡെയ്‌സി,’ ‘ഒരു യാത്രാമൊഴി’ എന്നീ ചിത്രങ്ങളും തെലുഗില്‍ ‘ചൈതന്യ’ എന്ന ചിത്രവും തമിഴില്‍ ‘ജീവ,’ ‘വെറ്റ്രിവിഴ,’ ‘ലക്കിമാന്‍’ തുടങ്ങിയ ചിത്രങ്ങളും ശ്രദ്ധ നേടിയവയാണ്.