പ്രഭാത വാർത്തകൾ
2021 ജൂൺ 14 | 1196 എടവം 31 | തിങ്കളാഴ്‌ച | പൂയം |
🔳തമിഴ്‌നാട് തീരത്ത് അതീവ സുരക്ഷാ നിര്‍ദേശം. ശ്രീലങ്കയില്‍ നിന്ന് ആയുധങ്ങളുമായൊരു ബോട്ട് രാമേശ്വരം തീരത്തേക്ക് തിരിച്ചുവെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കോസ്റ്റ് ഗാര്‍ഡും നിരീക്ഷണം ശക്തമാക്കി. വിവരം കേരളത്തിന് കൂടി കൈമാറിയിയെന്ന് തമിഴ്‌നാട് പോലീസ് അറിയിച്ചു. അന്താരാഷ്ട്ര മനുഷ്യക്കടത്ത് – മയക്കുമരുന്ന് സംഘത്തിലുള്ളവരുമായി ബന്ധപ്പെട്ടവരാണ് ആയുധങ്ങളുമായി ബോട്ടുകളില്‍ എത്തുന്നതെന്നാണ് കരുതുന്നത്.
🔳ചൈനയെയും പാക്കിസ്ഥാനെയും പരോക്ഷമായി വിമര്‍ശിച്ച് ജി-7 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം. ഭീകരവാദത്തിനും ഏകാധിപത്യത്തിനും എതിരെയാണ് പ്രധാനമന്ത്രി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. തുറന്ന സമൂഹങ്ങള്‍ എന്ന പേരിലുള്ള പ്രഖ്യാപനം ജി-7 ഉച്ചകോടി അംഗീകരിച്ചു. മനുഷ്യാവകാശം സംരക്ഷിക്കണമെന്ന് ജി 7 രാജ്യങ്ങള്‍ ചൈനയോട് ആവശ്യപ്പെട്ടു.
🔳മഹാമാരിക്കെതിരേ പേരാടാനും വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവുകള്‍ കണ്ടെത്താനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പെട്രോള്‍, ഡീസല്‍ എന്നിവയുടെ നികുതിയില്‍ നിന്നുള്ള അധിക പണം ആവശ്യമാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ഇന്ധന വില വര്‍ധനവ് ജനങ്ങള്‍ക്ക് പ്രശ്‌നമാണെന്ന് അംഗീകരിക്കുന്നു. പക്ഷേ, ദുഷ്‌കരമായ സമയത്ത് ക്ഷേമ പദ്ധതികള്‍ക്കായി പണം കണ്ടെത്തണമെന്നും കോവിഡ് വാക്‌സിനുവേണ്ടി വര്‍ഷം 35,000 കോടി രൂപ ചെലവഴിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
🔳കേരളത്തില്‍ ഇളവുകളോടെ ലോക്ക്ഡൗണ്‍ തുടര്‍ന്നേക്കും. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ചേരുന്ന കോവിഡ് അവലോകനയോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. നിലവില്‍ ബുധനാഴ്ചവരെയാണ് ലോക്ഡൗണ്‍. പൊതുഗതാഗതം നിയന്ത്രിതമായി അനുവദിച്ചും കൂടുതല്‍ കടകളും സ്ഥാപനങ്ങളും പ്രവര്‍ത്തിക്കാന്‍ അനുവദിച്ചും ഘട്ടംഘട്ടമായി ലോക്ക്ഡൗണ്‍ ഒഴിവാക്കുമെന്നാണ് പ്രതീക്ഷ.
🔳പൊതുജനങ്ങള്‍ക്ക് ഗുണനിലവാരം കൂടിയതും കലര്‍പ്പില്ലാത്തതുമായ പെട്രോളിയം ഉല്പനങ്ങള്‍ നല്‍കുന്നതിനും അതുവഴി വരുമാനം വര്‍ധിപ്പിക്കുന്നതിനുമായി കെ.എസ്.ആര്‍.ടി.സി സംസ്ഥാനത്തുടനീളം പെട്രോള്‍ – ഡീസല്‍ പമ്പുകള്‍ തുടങ്ങുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി ചേര്‍ന്ന് 67 പമ്പുകളാണ് തുടങ്ങാന്‍ ഉദ്ദേശിക്കുന്നത്. കെ എസ് ആര്‍ ടി സി-യുടെ നിലവില്‍ ഉള്ള ഡീസല്‍ പമ്പുകള്‍ക്ക് ഒപ്പം പെട്രോള്‍ യൂണിറ്റു കൂടി ചേര്‍ത്താണ് പമ്പുകള്‍ തുടങ്ങുന്നത്. ഡീലര്‍ കമ്മീഷനും സ്ഥല വാടകയും ഉള്‍പ്പടെ ഉയര്‍ന്ന വരുമാനമാണ് ഇങ്ങനെ പ്രതീക്ഷിക്കുന്നത്. ഇത് കെ എസ് ആര്‍ ടി സി യെ നിലവിലുള്ള പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ സഹായിക്കുമെന്ന് ഗതാഗത മന്ത്രി പറഞ്ഞു .
🔳സിപിഎം പ്രവര്‍ത്തകര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് രമ്യ ഹരിദാസ് എം പി. തൊഴിലുറപ്പ് തൊഴിലാളികളുമായി സംസാരിക്കുന്നതിനിടെ സി.പി.എം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. ആലത്തൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് നാസര്‍ അടക്കമുള്ളവര്‍ക്കെതിരെ രമ്യ ഹരിദാസ് പോലീസില്‍ പരാതി നല്‍കി.
🔳രമ്യാ ഹരിദാസ് എം.പി.യെ വഴിയില്‍ തടഞ്ഞു നിര്‍ത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത് ഞെട്ടിക്കുന്ന സംഭവമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അധികാരം വീണ്ടും കിട്ടിയതിന്റെ അഹങ്കാരത്തില്‍ ഒരു ജനപ്രതിനിധിയെ അപമാനിക്കുന്നത് അനുവദിക്കാനാവില്ല. നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് രമ്യാ ഹരിദാസിനെ ജാതിപ്പേരു വിളിച്ച് അപമാനിച്ചവരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഇത്തരം ധിക്കാരപരമായ നടപടികള്‍ യു.ഡി.എഫ് കയ്യും കെട്ടി നോക്കിയിരിക്കില്ലെന്നും സതീശന്‍ പറഞ്ഞു.
News Circle Chengannur
🔳കേരളത്തില്‍ ഇന്നലെ 94,677 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 11,584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.24. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 206 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,181 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 83 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,793 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 642 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 66 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,856 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,23,003 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തിരുവനന്തപുരം 1775, തൃശൂര്‍ 1373, കൊല്ലം 1312, എറണാകുളം 1088, പാലക്കാട് 1027, മലപ്പുറം 1006, കോഴിക്കോട് 892, ആലപ്പുഴ 660, കണ്ണൂര്‍ 633, കോട്ടയം 622, കാസര്‍ഗോഡ് 419, ഇടുക്കി 407, പത്തനംതിട്ട 223, വയനാട് 147.
🔳സംസ്ഥാനത്ത് ഇന്നലെ 2 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇന്നലെ ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 882 ഹോട്ട് സ്‌പോട്ടുകള്‍.
🔳മലാഡിലെ ബേക്കറിയില്‍ നിന്ന് കഞ്ചാവ് ചേര്‍ത്ത കേക്കുകള്‍ പിടിച്ചെടുത്തു. നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ആണ് ബ്രൗണി കേക്കുകളും കഞ്ചാവും പിടിച്ചെടുത്തത്. മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. കഞ്ചാവ് ചേര്‍ത്ത ഭക്ഷ്യ ഉല്‍പന്നങ്ങള്‍ പിടിച്ചെടുക്കുന്നത് ഇന്ത്യയിലെ ആദ്യ സംഭവമാണെന്ന് എന്‍.സി.ബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ പറഞ്ഞു.
🔳മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഉത്തരാഖണ്ഡിലെ പ്രതിപക്ഷ നേതാവുമായ ഇന്ദിര ഹൃദയേഷ് (80)അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ ന്യൂഡല്‍ഹിയിലായിരുന്നു അന്ത്യം.
🔳മുന്‍ സഖ്യകക്ഷിയായ ബി.ജെ.പി.യെ കടന്നാക്രമിച്ച് ശിവസേനാ എം.പി സഞ്ജയ് റാവത്ത്. മുന്‍പ് മഹാരാഷ്ട്രയില്‍ ബി.ജെ.പി നേതൃത്വം നല്‍കിയ സര്‍ക്കാരിന്റെ ഭാഗമായിരുന്ന കാലത്ത് ശിവസേനയെ അടിമകളെ പോലെയാണ് പരിഗണിച്ചിരുന്നതെന്നും സര്‍ക്കാരില്‍ രണ്ടാംകിട സ്ഥാനം നല്‍കി ശിവസേനയെ ഇല്ലാതാക്കാന്‍ ബി.ജെ.പി ശ്രമിച്ചുവെന്നും റാവത്ത് പറഞ്ഞു.
🔳കോവിഡ് പ്രതിദിന കേസുകളുടെ എണ്ണം മൂന്നുമാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയതിനു പിന്നാലെ കൂടുതല്‍ ഇളവുകളുമായി ഡല്‍ഹി സര്‍ക്കാര്‍. കടകള്‍, മാളുകള്‍, ഭക്ഷണശാലകള്‍ എന്നിവയ്ക്ക് ഇന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കാം. ആഴ്ചയില്‍ ഏഴുദിവസവും കടകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. അതേസമയം ഇളവുകള്‍ ഒരാഴ്ചത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് അനുവദിക്കുന്നതെന്നും കോവിഡ് കേസുകള്‍ ഉയരുന്ന പക്ഷം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു.
🔳രാജസ്ഥാനില്‍ അശോക് ഗെഹ്ലോത്ത് സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കിക്കൊണ്ട് വീണ്ടും ഫോണ്‍ ചോര്‍ത്തല്‍ വിവാദം. ഫോണ്‍ ചോര്‍ത്തുന്നതായി ചില എംഎല്‍എമാര്‍ പറഞ്ഞുവെന്ന് കോണ്‍ഗ്രസ് എംഎല്‍എയും സച്ചിന്‍ പൈലറ്റിന്റെ വിശ്വസ്തനുമായ വേദ് പ്രകാശ് സോളങ്കി ആരോപിച്ചു. എന്നാല്‍ പരാതി ഉന്നയിച്ച എംഎല്‍എമാരുടെ പേരു വെളിപ്പെടുത്താന്‍ തയ്യാറാകാതിരുന്ന സോളങ്കി വിവിധ ഏജന്‍സികള്‍ കുടുക്കുമെന്ന് എംഎല്‍എമാര്‍ക്ക് ഭയമുണ്ടെന്നും പറഞ്ഞു.
🔳മുംബൈയില്‍ കനത്ത മഴ തുടരുന്നതിനിടയില്‍ പാര്‍പ്പിട സമുച്ചയത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാര്‍ ഗര്‍ത്തത്തില്‍ വീണ് അപ്രത്യക്ഷമായി. മുംബൈയിലെ ഘട്‌കോപര്‍ പ്രദേശത്തെ ഒരു പാര്‍പ്പിട സമുച്ചയത്തിന്റെ പാര്‍ക്കിംഗ് സ്ഥലത്താണ് സംഭവം നടന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്ത് ഒരു കിണറുണ്ടായിരുന്നതായും ഇത് കോണ്‍ക്രീറ്റ് സ്ലാബിട്ട് മൂടിയാണ് കാര്‍ പാര്‍ക്കിങ് ആരംഭിച്ചതെന്നും മഴയെത്തുടര്‍ന്ന് ഇത് ഇടിഞ്ഞാണെന്നും പോലിസ് സ്ഥിരീകരിച്ചു.
🔳ലോകത്തെ ഏറ്റവും വലിയ കുടുംബത്തിന്റെ ഗൃഹനാഥനായി അറിയപ്പെട്ടിരുന്ന മിസോറമിലെ സിയോണ ചന (76) അന്തരിച്ചു. 38 ഭാര്യമാരും 89 മക്കളും 33 കൊച്ചുമക്കളും ഉള്‍പ്പെട്ട ചനയുടെ വലിയകുടുംബം ലോകശ്രദ്ധ നേടിയിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബം മിസോറാമിലെത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണമായിരുന്നു. മിസോറമിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി ബാക്തോങ് മാറാന്‍ കാരണം ചനയുടെ വലിയ കുടുംബമാണെന്ന് മുഖ്യമന്ത്രി സോറാംതാങ്ക പറഞ്ഞു.
🔳രാജ്യത്ത് ഇന്നലെ എഴുപത്തിരണ്ടായിരത്തിനടുത്ത് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 1,10,404 പേര്‍ രോഗമുക്തി നേടി. മരണം 3,819. ഇതോടെ ആകെ മരണം 3,74,226 ആയി. ഇതുവരെ 2,95,06,328 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 9.74 ലക്ഷം കോവിഡ് രോഗികള്‍.
🔳തമിഴ്നാട്ടില്‍ ഇന്നലെ 14,016 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ 10,442 പേര്‍ക്കും കര്‍ണാടകയില്‍ 7,810 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 6,770 പേര്‍ക്കും പശ്ചിമബംഗാളില്‍ 3,984 പേര്‍ക്കും ഒഡീഷയില്‍ 4,469 പേര്‍ക്കും തെലുങ്കാനയില്‍ 1,280 പേര്‍ക്കും ഡല്‍ഹിയില്‍ 255 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.
🔳ആഗോളതലത്തില്‍ ഇന്നലെ 2,89,157 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 4,902 പേര്‍ക്കും ബ്രസീലില്‍ 35,768 പേര്‍ക്കും അര്‍ജന്റീനയില്‍ 13,043 പേര്‍ക്കും കൊളംബിയയില്‍ 28,519 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 17.66 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.21 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 8,284 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 98 പേരും ബ്രസീലില്‍ 1,043 പേരും കൊളംബിയയില്‍ 586 പേരും അര്‍ജന്റീനയില്‍ 268 പേരും റഷ്യയില് 357 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ മൊത്തം 38.18 ലക്ഷം മരണം സ്ഥിരീകരിച്ചു.
🔳ഇസ്രയേലില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ 12 വര്‍ഷമായി തുടരുന്ന ഭരണത്തിന് അന്ത്യം. പുതിയ കൂട്ടുകക്ഷി സര്‍ക്കാരിന് പാര്‍ലമെന്റിന്റെ അംഗീകാരം. തീവ്രദേശീയവാദിയായ നാഫ്തലി ബെനറ്റ് ആണ് പുതിയ പ്രാധാനമന്ത്രി. നെതന്യാഹുവിന്റെ മുന്‍ അനുയായിയും വലതുപക്ഷ പാര്‍ട്ടി യമിനയുടെ നേതാവുമാണ് നാഫ്തലി ബെനറ്റ്.
🔳ഇന്ത്യക്കാര്‍ക്ക് പുതിയ തൊഴില്‍ വിസകള്‍ അനുവദിക്കുന്നത് ബഹ്റൈന്‍ താത്കാലികമായി നിര്‍ത്തിവെച്ചു. ഇന്ത്യ ഉള്‍പ്പെടെയുള്ള ആറ് രാജ്യങ്ങള്‍ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ വിസ അനുവദിക്കുന്നതിനുള്ള നടപടികള്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോരിറ്റി നിര്‍ത്തിയത്. ഇന്ത്യയ്ക്ക് പുറമേ പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, വിയറ്റ്നാം എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും തൊഴില്‍ വിസ നല്‍കുന്നത് ബഹറൈന്‍ നിര്‍ത്തിവെച്ചിട്ടുണ്ട്.
🔳കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബൊല്‍സൊനാരോയ്ക്ക് പിഴ. സാവോ പോളോ സംസ്ഥാന അധികൃതരാണ് 552.71 ബ്രസീലിയന്‍ റീല്‍ അഥവാ ഏകദേശം 108 ഡോളര്‍ പിഴ വിധിച്ചത്. മാസ്‌ക് ധരിക്കാതിരുന്നതിനും അനുയായികളുടെ വമ്പന്‍ മോട്ടോര്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചതിനും പിന്നാലെയാണ് പ്രസിഡന്റിന് പിഴ വീണത്.
🔳റോളണ്ട് ഗാരോസില്‍ സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിന്റെ കിരീടധാരണം. ഞായറാഴ്ച നടന്ന ഫൈനലില്‍ ഗ്രീസിന്റെ അഞ്ചാം സീഡ് സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ തകര്‍ത്താണ് ജോക്കോ കിരീടമുയര്‍ത്തിയത്. ജോക്കോവിച്ചിന്റെ 19-ാം ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്. ഇതോടെ ഓപ്പണ്‍ കാലഘട്ടത്തില്‍ എല്ലാ നാല് ഗ്രാന്‍ഡ്സ്ലാമും രണ്ടു തവണ വീതം നേടുന്ന ആദ്യ താരമെന്ന റെക്കോഡും ജോക്കോ സ്വന്തമാക്കി. അഞ്ചു സെറ്റുകള്‍ നീണ്ട പോരാട്ടത്തില്‍ ആദ്യ രണ്ടു സെറ്റുകള്‍ നഷ്ടപ്പെട്ട ശേഷം തുടരെ മൂന്ന് സെറ്റുകള്‍ നേടിയാണ് ജോക്കോവിച്ച് കിരീടമുയര്‍ത്തിയത്.
🔳22 വര്‍ഷത്തിന് ശേഷം ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര വിജയം ആഘോഷിച്ച് ന്യൂസീലന്‍ഡ്. എഡ്ജ്ബാസ്റ്റണില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ എട്ടു വിക്കറ്റിന് തകര്‍ത്താണ് ന്യൂസീലന്‍ഡ് പരമ്പര സ്വന്തമാക്കിയത്. ടെസ്റ്റ് അവസാനിക്കാന്‍ ഒരു ദിവസം ശേഷിക്കെയാണ് ന്യൂസീലന്‍ഡിന്റെ വിജയം. ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു. ഇന്ത്യക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഒരുങ്ങുന്ന ന്യൂസീലന്‍ഡിന് ഊര്‍ജ്ജം പകരുന്നത് കൂടിയായി ഈ വിജയം.
🔳യൂറോ കപ്പില്‍ ഗ്രൂപ്പ് സി-യിലെ മത്സരത്തില്‍ വടക്കന്‍ മാസിഡോണിയയെ തകര്‍ത്ത് ഓസ്ട്രിയ. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ഓസ്ട്രിയയുടെ ജയം.
🔳യൂറോ കപ്പില്‍ ജയത്തോടെ തുടങ്ങി ഡച്ച് നിര. ഗ്രൂപ്പ് സി-യില്‍ യുക്രൈനെതിരേ നടന്ന മത്സരത്തില്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു നെതര്‍ലന്‍ഡ്സിന്റെ ജയം.
🔳യൂറോ കപ്പില്‍ ഗ്രൂപ്പ് ഡിയില്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍ ക്രൊയേഷ്യയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട്. വെംബ്ലിയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം.
🔳കോപ്പ അമേരിക്കയിലെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ബ്രസീലിന് തകര്‍പ്പന്‍ വിജയം. വെനസ്വേലയെ എതിരില്ലാത്ത മൂന്നുഗോളുകള്‍ക്കാണ് മഞ്ഞപ്പട കീഴടക്കിയത്. ഒരു ഗോള്‍ നേടുകയും രണ്ട് ഗോളുകള്‍ക്ക് വഴിവെയ്ക്കുകയും ചെയ്ത നെയ്മര്‍ ബ്രസീലിനായി ഉശിരന്‍ പ്രകടനം പുറത്തെടുത്തു.
🔳ഓണ്‍ലൈന്‍ മരുന്ന് വിതരണക്കമ്പനിയായ വണ്‍ എം.ജി.യെ ടാറ്റ ഡിജിറ്റല്‍ ഏറ്റെടുക്കുന്നു. ഓണ്‍ലൈന്‍ ഗ്രോസറി ഷോപ്പായ ബിഗ് ബാസ്‌ക്കറ്റിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കിയശേഷമാണ് പുതിയ ഏറ്റെടുക്കല്‍. ഓണ്‍ലൈന്‍ ഷോപ്പിങ് മേഖലയില്‍ സൂപ്പര്‍ ആപ്പ് നിര്‍മിക്കാന്‍ ലക്ഷ്യമിട്ടാണ് ടാറ്റ ഡിജിറ്റലിന്റെ ഏറ്റെടുക്കലുകള്‍. വണ്‍ എം.ജി.യെ ഏറ്റെടെക്കുന്നതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ടാറ്റ ഡിജിറ്റല്‍ പുറത്തുവിട്ടിട്ടില്ല. മരുന്നുകളുടെയും ആരോഗ്യ ഉത്പന്നങ്ങളുടെയും ഓണ്‍ലൈന്‍ വിതരണമേഖലയില്‍ മുന്‍നിര കമ്പനികളിലൊന്നാണ് വണ്‍ എം.ജി. ടെലി കണ്‍സള്‍ട്ടേഷന്‍, വിവിധ ആരോഗ്യ പരിശോധനകള്‍ ഉള്‍പ്പടെയുള്ളവയ്ക്ക് കമ്പനി നേതൃത്വംനല്‍കുന്നുണ്ട്.
🔳രാജ്യത്ത് കയറ്റുമതിയില്‍ വന്‍ വര്‍ധനവ്. ജൂണ്‍ ആദ്യ ആഴ്ചയില്‍ മാത്രം 52.39 ശതമാനം വര്‍ധനവാണ് രാജ്യത്ത് കയറ്റുമതിയില്‍ ഉണ്ടായത്. ഇന്ത്യയുടെ കയറ്റുമതി ഈ മാസം ആദ്യ ആഴ്ചയില്‍ 52.39 ശതമാനം ഉയര്‍ന്ന് 7.71 ബില്യണ്‍ ഡോളറിലെത്തി. ജൂണ്‍ 1-7 കാലയളവില്‍ ഇറക്കുമതി 83 ശതമാനം ഉയര്‍ന്ന് 9.1 ബില്യണ്‍ ഡോളറിലുമെത്തി. യുഎസ്, യുഎഇ, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി യഥാക്രമം 60 ശതമാനം (500 മില്യണ്‍ ഡോളര്‍), 57.86 ശതമാനം (173 മില്യണ്‍ ഡോളര്‍), 212 ശതമാനം (166.3 ഡോളര്‍ മില്യണ്‍) എന്നിങ്ങനെയായി കണക്കുകള്‍ പറയുന്നു. എഞ്ചിനീയറിങ് മേഖലയിലാണ് കയറ്റുമതി വര്‍ധിച്ചത്, 51.7 ശതമാനം. ഏകദേശം 741.18 മില്ല്യണ്‍ ഡോളര്‍. ജ്വല്ലറി മേഖലയിലെ കയറ്റുമതി 96.38 ശതമാനവും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി 69.53 ശതമാനവും ഉയര്‍ന്നു. അതേസമയം ഇരുമ്പ് അയിര്, എണ്ണ വിത്ത്, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടെ കയറ്റുമതി കുറഞ്ഞു.
🔳അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘മിഷന്‍-സി’ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്ത്. ‘നെഞ്ചിലേഴു നിറമായ്’ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. സുനില്‍ ജി ചെറുകടവ് എഴുതി, പാര്‍ത്ഥസാരഥി സംഗീതം പകര്‍ന്ന ഗാനം വിജയ് യേശുദാസ് ആണ് ആലപിച്ചത്. എം സ്‌ക്വയര്‍ സിനിമാസിന്റെ ബാനറില്‍ മുല്ല ഷാജി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മീനാക്ഷി ദിനേശ് ആണ് നായിക. മീനാക്ഷി ദിനേശ് ആദ്യമായി നായികയായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് മിഷന്‍-സി. മേജര്‍ രവി, ജയകൃഷ്ണന്‍, കൈലാഷ്, ഋഷി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ടെററിസ്റ്റുകള്‍ ബന്ദികളാക്കിയ ഓടിക്കൊണ്ടിരിക്കുന്ന ഒരു ടൂറിസ്റ്റ് ബസ്സും അതില്‍ കുടുങ്ങിപ്പോയ ഒരു കൂട്ടം വിദ്യാര്‍ത്ഥികളും, അവരെ രക്ഷപ്പെടുത്താന്‍ എത്തുന്ന പോലീസുകാരുടെയും കമാന്റോകളുടെയും സാഹസികവും സംഘര്‍ഷഭരിതവുമായ നിമിഷങ്ങളാണ് സിനിമയുടെ ഇതിവൃത്തം.
🔳ടൊറന്റോ വനിതാ ചലച്ചിത്ര മേളയില്‍ ദീപ്തി പിള്ള ശിവന്‍ സംവിധാനം ചെയ്ത ‘ഡിക്കോഡിങ് ശങ്കര്‍’ എന്ന ചിത്രത്തിന് പുരസ്‌കാരം. മികച്ച ബയോഗ്രാഫികല്‍ സിനിമയ്ക്കുള്ള പുരസ്‌കാരമാണ് ചിത്രം നേടിയത്. സംവിധായകനും തിരകഥാകൃത്തുമായ സഞ്ജീവ് ശിവന്റെ ഭാര്യയാണ് ദീപ്തി. ഗായകനും സംഗീത സംവിധായാകനുമായ ശങ്കര്‍ മഹാദേവന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഡോകുമെന്ററി ഫിലിം ആണ് ‘ഡീകോഡിങ് ശങ്കര്‍’. പബ്ലിക് സര്‍വീസ് ബ്രോഡ്കാസ്റ്റിങ് ട്രസ്റ്റിനു വേണ്ടി രാജീവ് മെഹരോത്രയാണ് 45 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി നിര്‍മ്മിച്ചത്. ഗായകന്‍, സംഗീതജ്ഞന്‍, അധ്യാപകന്‍, കുടുംബനാഥന്‍, ഭക്ഷണപ്രിയന്‍ എന്നീ വേഷങ്ങള്‍ക്കിടയിലെ ശങ്കര്‍ മഹാദേവന്റെ ജീവിത താളമാണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തം..