കഴിഞ്ഞ ദിവസം മരണപ്പെട്ട കോട്ടയം നെടുംകുന്നം സ്വദേശി പതാലിൽ പി എസ് തോമസിന്റെ അവസാന ആഗ്രഹം ഏതൊരു പ്രവാസിയുടെയും മനസ്സിൽ വിങ്ങലുണ്ടാക്കുന്നു.
അബുദാബിയിൽ നീണ്ട 25 വർഷം ലിവ ട്രാൻസ്‌പോർട് കോര്പറേഷനിൽ സൂപ്പർവൈസർ ആയിരുന്നു അദ്ദേഹം. തന്നെ താനാക്കി വളർത്തിയ പോറ്റമ്മയായ അബുദാബിയോടും അവിടുത്തെ ഭരണാധികാരിളോടും ഉള്ള ആദര സൂചകമായി ലിവയിൽ നിന്നും ഒരു പിടി മണ്ണും അദ്ദേഹം നാട്ടിലേയ്ക്ക് കൊണ്ടുവന്നു. കുപ്പിയ്ക്ക് മുകളിൽ മണ്ണ് ശേഖരിച്ച ദിവസവും സ്‌ഥലവും ലിവ 30-06-2002 എന്ന് രേഖപ്പെടുത്തി.
തന്റെ മൃതദേഹം അടക്കം ചെയ്യുന്ന പെട്ടിയ്ക്കുള്ളിൽ ഈ മണ്ണും ഒപ്പം വെയ്ക്കണം എന്നുള്ള അദ്ദേഹത്തിന്റെ ആഗ്രഹം ബന്ധുക്കളോടും ഇടവക വികാരിയോടും പങ്കുവെച്ചു. നിധി പോലെ നീണ്ട 19 വർഷം അദ്ദേഹം കാത്തു സൂക്ഷിച്ച ആ മണ്ണ് അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം തന്നെ മൃതദേഹതോടൊപ്പം സംസ്കരിച്ചു.
കഴിഞ്ഞ സെപ്റ്റംബർ 28 ന് അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങിൽ സഹോദരി പങ്കുവെച്ച ഈ കാര്യം കേട്ടുനിന്ന ഏവരെയും ഈറനണിയിച്ചു.