മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ പ്രയാർ ഗോപാലകൃഷ്ണൻ്റെ സംസ്കാരം ഇന്ന്. ഇന്ന് ഉച്ചയ്ക്ക് ശേഷം കൊല്ലം ചിതറയിലെ സ്വവസതിയിലാണ് സംസ്കാരം. ഇന്നലെയാണ് പ്രയാർ ഗോപാലകൃഷ്ണൻ ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചത്.
കോൺഗ്രസിൻ്റെ സമുന്നതനായ നേതാവിന് ഇന്ന് നാട് വിട ചൊല്ലും. തിരുവനന്തപുരത്തുനിന്ന് കൊല്ലം ചിതറയിലെ സ്വന്തം വസതിയിലേക്ക് മടങ്ങുംവഴി ഇന്നലെയാണ് പ്രയാർ ഗോപാലകൃഷ്ണൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലും പൊതുപരിപാടികളിൽ പങ്കെടുത്ത പ്രയാർ ഗോപാലകൃഷ്ണൻ്റെ അപ്രതീക്ഷിത വിയോഗത്തിൻ്റെ ഞെട്ടലിലാണ് സഹപ്രവർത്തകരും നാട്ടുകാരും.
നിലവിൽ ചിതറയിലെ വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന മൃതശരീരം രാവിലെ 8.30 ഓടെ കൊല്ലം ഡിസിസി യിലേക്ക് കൊണ്ടുപോകും. 10 മണി മുതൽ 11 മണി വരെ ഡിസിസിയിൽ പൊതുദർശനം. അതിനുശേഷം വിലാപയാത്രയായി ചിതറയിലേക്ക് കൊണ്ടുപോകും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സംസ്കാരം. 18 വർഷം മിൽമയുടെ ചെയർമാനായി സേവനമനുഷ്ഠിച്ച പ്രയാർ ഗോപാലകൃഷ്ണൻ മിൽമയെ ജനകീയമാക്കുന്നതിൽ പ്രധാന ഇടപെടൽ നടത്തി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എന്ന നിലയിലും ശ്രദ്ധേയനായിരുന്നു ചടയമംഗലത്തിൻ്റെ ഒരേയൊരു കോൺഗ്രസ് എംഎൽഎ ആയിരുന്ന പ്രയാർ ഗോപാലകൃഷ്ണൻ. ഇടതുപക്ഷത്തിൻ്റെ ഉറച്ച കോട്ടയായ ചടയമംഗലത്ത് പ്രയാറിന് മുൻപും ശേഷവും കൈപ്പത്തി ചിഹ്നത്തിൽ ഒരാളും വിജയിച്ചിട്ടില്ല.