Pravasimalayaly

കരുതൽ ഡോസ് വാക്സിനേഷൻ നാളെ മുതൽ; ബുക്കിംഗ് ഇന്ന് ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ കരുതൽ ഡോസ് കോവിഡ് വാക്സിനേഷൻ നാളെ ആരംഭിക്കും. രണ്ടാം ഡോസ് വാക്സിൻ എടുത്തുകഴിഞ്ഞ് 9 മാസം കഴിഞ്ഞവർക്കാണ് കരുതൽ ഡോസ് എടുക്കാൻ സാധിക്കുക. ആരോഗ്യ പ്രവർത്തകർ, കോവിഡ് മുന്നണി പോരാളികൾ, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവർ എന്നിവർക്കാണ് കരുതൽ ഡോസ് നൽകുന്നത്.

കരുതൽ ഡോസിനായുള്ള ബുക്കിംഗ് ഇന്ന് മുതൽ ആരംഭിക്കും. നേരിട്ടും ഓൺലൈൻ ബുക്കിംഗ് വഴിയും കരുതൽ ഡോസ് വാക്സിനേടുക്കാം. ഒമൈക്രോൺ സാഹചര്യത്തിൽ ഈ വിഭാഗക്കാരിൽ എല്ലാവരും അവരവരുടെ ഊഴമനുസരിച്ച് കരുതൽ ഡോസ് സ്വീകരിക്കണമെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ്ജ് പറഞ്ഞു.

കരുതൽ ഡോസ് വാക്സിനേഷനായി വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല. ആദ്യം https://www.cowin.gov.in എന്ന ലിങ്കിൽ പോകുക. നേരത്തേ രണ്ട് ഡോസ് വാക്സിനെടുത്ത ഫോൺ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക. രണ്ട് ഡോസ് വാക്സിൻ എടുത്തതിന് താഴെ കാണുന്ന പ്രികോഷൻ ഡോസ് എന്ന ഐക്കണിന്റെ വലതുവശത്തു കാണുന്ന ഷെഡ്യൂൾ പ്രികോഷൻ ഡോസ് എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യുക. അവിടെ സെന്ററും സമയവും ബുക്കുചെയ്യാം.

Exit mobile version