പ്രവചനങ്ങൾ പിഴക്കാത്ത അലൻ ലിച്ച്മാന്‍ പറയുന്നു ഇത്തവണ ബൈഡന്‍ പ്രസിഡന്റാകും
വാഷിങ്ടൺ:അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വാഷിങ്ടണിലെ അമേരിക്കൻ സർവകലാശാലയിലെ ചരിത്രവിഭാഗം പ്രൊഫസർ അലൻ ലിച്ച്മാന്റെ (73) പ്രവചനങ്ങൾ പിഴച്ചിട്ടില്ല. 1984-ൽ റൊണാൾഡ് റീഗൻ പ്രസിഡന്റ് ആവുമെന്നായിരുന്നു ആദ്യ പ്രവചനം. നിലവിലെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഇനി രക്ഷയില്ലെന്നും വലിയ വ്യത്യാസത്തിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ ഇത്തവണ ജയിക്കുമെന്നുമാണ് അദ്ദേഹം പറയുന്നത്.
സാമ്പത്തികം, സാമൂഹിക സുരക്ഷ, അഴിമതി, ഉദ്യോഗസ്ഥഭരണം തുടങ്ങിയവ ആസ്പദമാക്കി ‘13 കീ’ ഉപയോഗിച്ചാണ് അലന്റെ പ്രവചനങ്ങൾ. കോവിഡ് പ്രതിരോധത്തിലെ വീഴ്ച, വംശീയ അധിക്ഷേപങ്ങളും പോലീസ് അതിക്രമങ്ങളും വർധിച്ചത് എന്നിവയാണ് ട്രംപിന് ഇത്തവണ ഏറ്റവും വലിയ തിരിച്ചടിയാവുന്നത്. കഴിഞ്ഞവർഷം വിദഗ്ധർ മുഴുവൻ ഹില്ലരിയുടെ ജയം പ്രതീക്ഷിച്ചപ്പോൾ ട്രംപ് അധികാരത്തിലെത്തുമെന്ന് കൃത്യമായി പ്രവചിച്ചത് അലൻ ആയിരുന്നു. ട്രംപ് ഇംപീച്ച് ചെയ്യപ്പെടുമെന്നും അദ്ദേഹം പ്രവചിക്കുകയുണ്ടായി.
അലന്റെ ഫലിച്ച പ്രവചനങ്ങൾ
1984 റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി റൊണാൾഡ് റീഗന്റെ ജയം
1992, 96 ബിൽ ക്ലിന്റൺ (ഡെമോക്രാറ്റിക് പാർട്ടി)
2004 ജോർജ് ഡബ്ല്യു. ബുഷ് (റിപ്പബ്ലിക്കൻ പാർട്ടി)
2008, 2012 ബരാക് ഒബാമ (ഡെമോക്രാറ്റിക് പാർട്ടി)
2016 ഡൊണാൾഡ് ട്രംപ് (റിപ്പബ്ലിക്കൻ പാർട്ടി)
2000-ത്തിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി അൽ ഗോർ ജയിക്കുമെന്നായിരുന്നു അലൻ പ്രവചിച്ചത്. പോപ്പുലർ വോട്ടിൽ ഗോർ വിജയിക്കുകയും ചെയ്തു. എന്നാൽ, സുപ്രീംകോടതി നിർദേശത്തെത്തുടർന്ന് ഫ്ലോറിഡയിലെ ഇലക്ടറൽ വോട്ടുകളുടെ റീകൗണ്ടിങ് നിർത്തിവെച്ചപ്പോൾ ജോർജ് ഡബ്ല്യു. ബുഷ് വിജയിക്കുകയായിരുന്നു.