കാർഷിക നിയമങ്ങൾക്കെതിരായ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധത്തിനിടെ പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. എന്നാൽ, കർഷക സമരത്തെ പിന്തുണച്ച് 19 രാഷ്ട്രീയ പാർട്ടികൾ രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്കരിച്ചു.
പുതിയ കാർഷിക നിയമങ്ങളെ നയപ്രഖ്യാപന പ്രസംഗത്തിൽ രാഷ്ട്രപതി ന്യായീകരിച്ചു. നിയമങ്ങൾ കർഷകർക്ക് പുതിയ സംവിധാനങ്ങളും അവകാശങ്ങളും നൽകുന്നുവെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. നിലവിലുള്ള അവകാശങ്ങൾ പുതിയ നിയമങ്ങൾ ഇല്ലാതാക്കുന്നില്ലെന്നും രാഷ്ട്രപതി വ്യക്തമാക്കി.
റിപ്പബ്ലിക് ദിനത്തിലെ അപമാനകരമായ സംഭവങ്ങൾ ഉണ്ടായി. റിപ്പബ്ലിക് ദിനത്തെയും ദേശീയ പതാകയെയും അപമാനിച്ചു. അഭിപ്രായം സ്വാതന്ത്ര്യം നൽകുന്ന ഭരണഘടന, രാജ്യത്തെ നിയമങ്ങളെയും ചട്ടങ്ങളെയും ഗൗരവത്തോടെ പിന്തുടരണമെന്നും വിവരിക്കുന്നുണ്ടെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി.