Sunday, November 24, 2024
HomeNewsKeralaപി.ജി ഡോക്ടറെന്ന വ്യാജേന മെഡിക്കൽ കോളേജ് ആശുപത്രിയിൽ കയറി രോഗിയെ ചികിത്സിച്ചു, പണം തട്ടി; യുവാവ്...

പി.ജി ഡോക്ടറെന്ന വ്യാജേന മെഡിക്കൽ കോളേജ് ആശുപത്രിയിൽ കയറി രോഗിയെ ചികിത്സിച്ചു, പണം തട്ടി; യുവാവ് പിടിയില്‍

തിരുവനന്തപുരം: പി.ജി. ഡോക്ടറെന്ന വ്യാജേന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കയറി രോഗിയെ ചികിത്സിച്ച് തട്ടിപ്പുനടത്തിയ യുവാവ് പിടിയിൽ. പൂന്തുറ മാണിക്യവിളാകം സ്വദേശി നിഖിലിനെ(22)യാണ് ഡോക്ടർമാരും ആശുപത്രി ജീവനക്കാരും ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. ഏറെ തിരക്കുള്ള തിരുവനന്തപുരം
മെഡിക്കൽ കോളേജിലെ ഒന്നാം വാർഡിൽ കാലിനു പരിക്കുപറ്റി ചികിത്സയിലായിരുന്ന വിഴിഞ്ഞം സ്വദേശി റിനുവിനെയാണ് നിഖിൽ കബളിപ്പിച്ചത്.  

ഒരു വർഷം മുൻപ് മെഡിക്കൽ കോളേജിൽ വെച്ച് തന്നെയാണ് ഡോക്ടർ എന്ന വ്യാജേന റിനുവിന്‍റെ സഹോദരന് ഒപ്പം നിഖിൽ കൂടുന്നത്. ഈ പരിചയം നിഖിലിനെ ഇവരുടെ കുടുംബ സുഹൃത്താക്കി മാറ്റി. മുൻ പരിചയം മുതലെടുത്ത് റിനുവിനു കൂട്ടിരിക്കാനെന്ന പേരിൽ പത്തു ദിവസമാണ് ഇയാൾ സ്റ്റെതസ്കോപ്പ് ധരിച്ച് മെഡിക്കൽ കോളേജിൽ കറങ്ങിയത്. നിസാര കാൽ വേദനയുമായി വന്ന റിനുവിന് മാരകമായ രോഗങ്ങളുണ്ടെന്നു പറഞ്ഞു ഭയപ്പെടുത്തി നിഖിൽ മരുന്നിനും പരിശോധനകൾക്കുമായി വൻ തുക കൈക്കലാക്കി. 

റിനുവിന്‍റെ രക്ത സാമ്പിളുകൾ പരിശോധനയ്ക്കായി ലാബിലേക്ക് കൊണ്ടുപോകുന്നത് നിഖിലാണ്. അതിനാൽ തന്നെ റിനു ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആകാതെ ഇരിക്കാൻ വേണ്ടി നിഖിൽ സാമ്പിളുകളിൽ കൃത്രിമം കാട്ടിയതായി പൊലീസ് പറഞ്ഞു.

പരിശോധന ഫലങ്ങളിൽ വന്ന ആശയകുഴപ്പം ഡോക്ടർമാരെ വലച്ചിരുന്നു. ഇതോടെയാണ് ശനിയാഴ്ച രാവിലെ ഡ്യൂട്ടി ഡോക്ടർ ഡോ. ശ്രീനാഥും മറ്റു ജീവനക്കാരും ചേർന്ന് നിഖിലിനെ പിടികൂടി നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ഡോക്ടർ അല്ലെന്ന് തെളിഞ്ഞത്. 

തുടർന്ന് പ്രതിയെ മെഡിക്കൽ കോളേജ് പൊലീസിൽ ഏൽപ്പിച്ചു. ആൾമാറാട്ടത്തിലൂടെ ചികിത്സ നടത്തിയതിന് ഇയാൾക്കെതിരേ ആശുപത്രി ചീഫ് സെക്യൂരിറ്റി ഓഫീസർ നാസറുദ്ദീൻ പോലീസിൽ പരാതി നൽകി. നിഖിലിനെതിരേ ആൾമാറാട്ടം, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയതായി മെഡിക്കൽ കോളേജ് സി.ഐ. പറഞ്ഞു. പ്രതി റിനുവിന്‍റെ കുടുംബത്തിൽ നിന്ന് നാലു ലക്ഷത്തോളം രൂപയും തുടർപഠനത്തിനായി 80,000 രൂപയും തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. 

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments