മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമിച്ചത് മാനദണ്ഡങ്ങള്‍ മറികടന്നാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്. പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് നല്‍കുക എന്ന മുന്‍വിധിയോടെയാണ് അഭിമുഖം നടത്തിയതെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നത്.
വിവരാവകാശ നിയമപ്രകാരം ലഭിച്ച നിര്‍ണായക രേഖകളിലാണ് നിയമനത്തിലെ ക്രമക്കേട് വ്യക്തമാകുന്നത്. അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള അഭിമുഖത്തില്‍ പങ്കെടുത്ത ആറുപേരില്‍ ഗവേഷണ പ്രസിദ്ധീകരണങ്ങള്‍ക്കുള്ള റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ് പ്രിയ വര്‍ഗീസിനാണ്. ഏറ്റവും കൂടുതല്‍ പോയന്റുള്ളത് ജോസഫ് സ്‌കറിയ എന്നയാള്‍ക്കാണ്, 651 പോയന്റ്. എന്നാല്‍ പ്രിയ വര്‍ഗീസിനുള്ളത് 156 പോയന്റ് മാത്രമാണെന്നും രേഖകളില്‍ പറയുന്നു. ഏറ്റവും കുറവ് അധ്യാപന പരിചയവും പ്രിയ വര്‍ഗീസിനാണ്.
ഇതിനുശേഷം നടന്ന അഭിമുഖത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് പ്രിയയ്ക്കാണ് ലഭിച്ചത്. 32 മാര്‍ക്ക്. റിസര്‍ച്ച് സ്‌കോറില്‍ ഏറ്റവും മുന്നിലുള്ള ജോസഫ് സ്‌കറിയയ്ക്ക് നല്‍കിയത് 30 മാര്‍ക്കും. പ്രിയയെക്കാള്‍ ഉയര്‍ന്ന റിസര്‍ച്ച് സ്‌കോറുള്ള മറ്റുള്ളവര്‍ക്കും അഭിമുഖത്തില്‍ കുറവ് മാര്‍ക്കാണ് നല്‍കിയതെന്നാണ് വ്യക്തമാകുന്നത്.
കണ്ണൂര്‍ വിസിയുടെ അധ്യക്ഷതയിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് മാനദണ്ഡം മറികടന്ന് നിയമനം നല്‍കിയത്. ഇതുസംബന്ധിച്ച വിവരാവകാശ രേഖകള്‍ സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു. അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് പ്രിയ വര്‍ഗീസിന് മതിയായ യോഗ്യതയില്ലെന്ന് സേവ് യൂണിവേഴ്സിറ്റി കമ്മിറ്റി നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങള്‍ക്ക് കൂടുതല്‍ ബലം നല്‍കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്.