Pravasimalayaly

സ്വത്ത് വകകൾ മറച്ചുവെച്ച് പാപ്പരാണെന്ന് കാണിച്ചു; ടെന്നീസ് ഇതിഹാസം ബോറിസ് ബെക്കർക്ക് തടവു ശിക്ഷ

ലണ്ടന്‍: വായ്പകള്‍ തിരിച്ചടയ്ക്കാതിരിക്കാന്‍ 2.5 ദശലക്ഷം പൗണ്ട് വിലവരുന്ന സ്വത്ത് വകകള്‍ മറച്ചുവെച്ചതിന്റെ പേരില്‍ ജര്‍മന്‍ ടെന്നീസ് ഇതിഹാസം ബോറിസ് ബെക്കര്‍ക്ക് രണ്ടര വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് ലണ്ടന്‍ കോടതി.

സ്പെയിനിലെ മയ്യോര്‍ക്കയിലുള്ള ബെക്കറിന്റെ ആഡംബര എസ്‌റ്റേറ്റ് വാങ്ങുന്നതിനായെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ടതാണ് കേസ്. വായ്പ തിരിച്ചടയ്ക്കാതിരിക്കാന്‍ 2017-ല്‍ ബെക്കര്‍ പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഈ ഹര്‍ജി ഫയല്‍ ചെയ്യുമ്പോള്‍ ബെക്കറുടെ പേരില്‍ 50 ദശലക്ഷം പൗണ്ടിന്റെ കടമുണ്ടായിരുന്നു.

മാത്രമല്ല ജര്‍മനിയില്‍ 825,000 യൂറോ വിലവരുന്ന വസ്തുവും ഒരു ടെക്‌നോളജി സ്ഥാപനത്തില്‍ 66,000 പൗണ്ടിന്റെ നിക്ഷേപവും ബെക്കര്‍ മറച്ചുവെച്ചു. ഇതു കൂടാതെ പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്ത ശേഷം അദ്ദേഹത്തിന്റെ ബിസിനസ് അക്കൗണ്ടില്‍ നിന്ന് 390,000 പൗണ്ട് മുന്‍ ഭാര്യ ബാര്‍ബറയുടേതടക്കമുള്ള ഒമ്പത് വ്യത്യസ്ത അക്കൗണ്ടുകളിലേക്ക് മാറ്റിയതായും കോടതി കണ്ടെത്തി.

നേരത്തെ കടം വീട്ടാന്‍ ടെന്നീസ് കരിയറില്‍ സ്വന്തമാക്കിയ ട്രോഫികളും ബെക്കര്‍ ലേലത്തിന് വെച്ചത് വലിയ വാര്‍ത്തയായിരുന്നു. പതിനേഴാം വയസില്‍ വിംബിള്‍ഡണ്‍ കിരീടം നേടി ചരിത്രം കുറിച്ച ബെക്കര്‍ കരിയറില്‍ നേടിയ മെഡലുകളും കപ്പുകളും വാച്ചുകളും, ഫോട്ടോകളും അടക്കം 82 വസ്തുക്കളാണ് ഓണ്‍ലൈനില്‍ ലേലത്തിന് വെച്ചിരുന്നത്. കരിയറില്‍ ആറു ഗ്രാന്‍സ്ലാം കീരീടങ്ങള്‍ അടക്കം 49 കീരീടങ്ങള്‍ നേടിയിട്ടുള്ള താരമാണ് ബെക്കര്‍.

Exit mobile version