Pravasimalayaly

‘പുള്ളാര് റബ്ബർ ബാൻഡ് അല്ല,വിട്ടത് പോലെ തിരിച്ചു വരാൻ’; വൈകി അവധി പ്രഖ്യാപിച്ച എറണാകുളം ജില്ലാ കലക്ടറുടെ നടപടിയിൽ പ്രതിഷേധം

കനത്ത മഴ തുടരുന്ന എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് വളരെ വൈകി അവധി പ്രഖ്യാപിച്ച ജില്ലാ കലക്ടറുടെ നടപടിയിൽ പ്രതിഷേധം രൂക്ഷം. രാവിലെ 8. 25 ആയപ്പോൾ ആണ് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചത്. ഇതിനോടകം ഒട്ടുമിക്ക സ്‌കൂളുകളിലേയും കുട്ടികൾ സ്‌കൂളുകളിലേക്ക് പോയിരുന്നതായി രക്ഷിതാക്കൾ പറയുന്നു.

ജില്ലാ കലക്ടറുടെ കമന്റ് ബോക്സ് നിറയെ അവധി പ്രഖ്യാപനത്തിൽ രൂക്ഷ വിമർശനമാണ് നിറയുന്നത്. കുറച്ചു കൂടി നേരത്തെ പ്രഖ്യാപിച്ചിരുന്നു എങ്കിൽ എത്ര നന്നായിരുന്നു. ഏഴ് മണി മുതൽ സ്‌കൂൾ ബസ് കാത്ത് നിൽക്കുന്ന കുട്ടികൾ ഉണ്ട് നമ്മുടെ നാട്ടിൽ. മാത്രമല്ല മക്കളെ സ്‌കൂളിൽ വിട്ടിട്ട് ജോലിക്ക് പോകുന്ന രക്ഷിതാക്കളും ഉണ്ട് എന്ന് ഒരു രക്ഷിതാവ് അഭിപ്രായപ്പെട്ടു.

‘പ്രിയകളക്ടർ രാവിലെ കുറച്ചു കൂടി നേരത്തെ എഴുന്നേൽക്കണം എന്ന് പറഞ്ഞാൽ തെറ്റാകുമെങ്കിൽ ക്ഷമിക്കുക എന്നാണ് മറ്റൊരു കമന്റ്. പുള്ളാര് റബ്ബർ ബാൻഡ് അല്ല,വിട്ടത് പോലെ തിരിച്ചു വരാൻ എന്നൊരാൾ അഭിപ്രായപ്പെട്ടു. ‘ഭാവൻസ് സ്‌കൂളിലാണ് എന്റെ മകൾ പഠിക്കുന്നത്. എൽകെജി അവിടെ സമയം 8.15 നാണ് ക്ലാസ് തുടങ്ങുക. വീട്ടിൽ നിന്നും ഏകദേശം 15, 20 മിനിറ്റ് എടുക്കും കുഞ്ഞ് ന്റെ സ്‌കൂളിലേക്ക്. പ്രൈവറ്റ് വെഹിക്കിൾ ലാണ് കുഞ്ഞിനെ വിടുന്നത്. അവർ വരുന്ന സമയം 7നും 7.15 നും ഇടയിലാണ്. ഈ സാഹചര്യത്തിൽ ഈ കാറ്റും മഴയും കൊണ്ടാണ് അവൾ സ്‌കൂളിൽ എത്തിയിട്ടുണ്ടാവുക. അപ്പോഴാണ് അവധി പ്രഖ്യാപിക്കുന്നത്. ഇത് കുട്ടികളെയും അധ്യാപകരെയും മാതാപിതാക്കളെയും ബുദ്ധിമുട്ടിക്കാനെ ഉപകരിക്കൂ.

ഇന്നലെ രാത്രി മുഴവൻ മഴ കനത്തു പെയ്തിട്ട് ഇതുവരെ അവധി നൽകാൻ താമസം നേരിട്ടത് ഉത്തരവാദിത്തമില്ലായ്മ ആയിട്ടേ ജനം വിലയിരുത്തൂ. ഞാൻ വീട്ടിൽ ഇരിക്കുന്നത് കൊണ്ട് എന്റെ മക്കൾ എപ്പോൾ വന്നാലും എനിക്ക് ബുദ്ധിമുട്ടില്ല. കുട്ടികളെ സ്‌കൂളിൽ വിട്ടിട്ട് ജോലിക്ക് പോയ മാതാപിതാക്കൾ ഇന്നത്തെ ദിവസം എങ്ങനെ മാനേജ് ചെയ്യും എന്നത് കൂടി പരിഗണിക്കാൻ
ശ്രദ്ധിക്കുമല്ലോ’. എന്ന് സിൻസി അനിൽ എന്ന വീട്ടമ്മ കുറിച്ചു.

അതിനിടെ സ്‌കൂളിലെത്തിയ കുട്ടികളെ തിരിച്ചയക്കേണ്ടതില്ലെന്ന് ഫെയ്സ്ബുക്ക് പേജിലിട്ട പുതിയ കുറിപ്പിലൂടെ ജില്ലാ കലക്ടർ ഡോ. രേണുരാജ് അറിയിച്ചു. രാത്രിയിൽ ആരംഭിച്ച മഴ ഇപ്പോഴും നിലക്കാതെ തുടരുന്നതിനാലും അപകടങ്ങൾ ഒഴിവാക്കുന്നതിനുമാണ് അവധി പ്രഖ്യാപിച്ചത്. ഇതിനകം പ്രവർത്തനം ആരംഭിച്ച സ്‌കൂളുകൾ അടക്കേണ്ടതില്ല. സ്‌കൂളുകളിലെത്തിയ വിദ്യാർത്ഥികളെ തിരിച്ചയക്കേണ്ടതില്ലെന്നും അറിയിക്കുന്നു എന്നാണ് കലക്ടറുടെ പുതിയ അറിയിപ്പ്.

Exit mobile version