Sunday, January 19, 2025
HomeLatest Newsശ്രീലങ്കയില്‍ ജനകീയ പ്രക്ഷോഭം കനക്കുന്നു; കര്‍ഫ്യൂ ലംഘിച്ച് രാത്രിയും തെരുവിലിറങ്ങി ജനങ്ങള്‍; മുന്‍മന്ത്രിയുടെ വീട്...

ശ്രീലങ്കയില്‍ ജനകീയ പ്രക്ഷോഭം കനക്കുന്നു; കര്‍ഫ്യൂ ലംഘിച്ച് രാത്രിയും തെരുവിലിറങ്ങി ജനങ്ങള്‍; മുന്‍മന്ത്രിയുടെ വീട് അടിച്ചു തകര്‍ത്തു

സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ശ്രീലങ്കയില്‍ ജനകീയ പ്രക്ഷോഭം ശക്തമായി. കര്‍ഫ്യൂ ലംഘിച്ച് സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യവുമായി രാത്രിയും പതിനായിരക്കണക്കിന് പ്രതിഷേധക്കാര്‍ റോഡുകളിലിറങ്ങി. രോഷാകുലരായ ജനക്കൂട്ടം മന്ത്രിമാരുടെയും എംപിമാരുടെയും വീടുകളും സ്ഥാപനങ്ങളും വളഞ്ഞു. രാജി വെച്ച മുന്‍ മന്ത്രി റോഷന്‍ രണസിംഗെയുടെ വീട് ജനക്കൂട്ടം അടിച്ചു തകര്‍ത്തു. 

മുന്‍ മന്ത്രി ഗാമിനി ലോകഗിന്റെ വീടിന് തീയിടാനും ശ്രമമുണ്ടായി. പ്രസിഡന്റിന്റെ ഓഫീസിന് മുന്നില്‍ രാത്രി ഒരു മണിക്കും പ്രതിഷേധക്കാര്‍ സമരം നടത്തി. അര്‍ധരാത്രി പലയിടങ്ങളിലും സമരക്കാരും പൊലീസും ഏറ്റുമുട്ടി. സംയുക്ത സേനാമേധാവി വിദേശനയതന്ത്ര പ്രതിനിധികളെ കണ്ടു സ്ഥിതിഗതികള്‍ വിവരിച്ചു. കൊളംബോയിലെ എംബസി പ്രതിനിധികളെ വിളിച്ചു വരുത്തിയാണ് നിലവിലെ സാഹചര്യങ്ങള്‍  ധരിപ്പിച്ചത്.

പ്രസിഡന്റ് ഗോതബായ രജപക്‌സെ സ്ഥാനമൊഴിയുന്നതുവരെ ജനകീയ പ്രക്ഷോഭം അവസാനിക്കില്ലെന്ന സൂചന നല്‍കി രാജ്യത്ത് പലയിടത്തും പ്രകടനവും വഴിതടയലും തുടരുകയാണ്. ഭരണപക്ഷ എംപിമാരുടെ വീടുകളുടെ മുന്നിലെല്ലാം സമരമാണ്. ഗോതബായയുടെ മകന്റെ ലോസ് ആഞ്ചലസിലുള്ള വീടിനു മുന്നിലും സമരം നടന്നു. കര്‍ഫ്യൂ ലംഘിച്ചതിന് നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
 

ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് തടയിടുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച രാജ്യവ്യാപക കര്‍ഫ്യൂ തുടരുകയാണ്. ജനകീയ പ്രക്ഷോഭം അടിച്ചമർത്തുന്നതിനായി രാജ്യത്ത് കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സംശയം തോന്നുന്ന ആരെയും സൈന്യത്തിന് അറസ്റ്റ് ചെയ്യാനും തടവില്‍ പാര്‍പ്പിക്കാനും കഴിയും. ക്രമസമാധാനം ഉറപ്പിക്കാനും സാധന സാമഗ്രികളുടെ വിതരണം ഉറപ്പുവരുത്താനുമാണ് നടപടിയെന്നാണ് പ്രസിഡന്റ് ​ഗോതബായ രജപക്സെ വിശദീകരിക്കുന്നത്. 

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments