കെ.സി വേണുഗോപാലിനും പാലോട് രവിക്കുമെതിരേ ആഞ്ഞടിച്ച്പി.എസ് പ്രശാന്ത്.

0
25

തിരുവനന്തപുരം: കെ.സി വേണുഗോപാലിനും പാലോട് രവിക്കുമെതിരേ ആഞ്ഞടിച്ച് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട കെ.പി.സി.സി മുൻ സെക്രട്ടറി പി.എസ് പ്രശാന്ത്. കേരളത്തിലെ കോൺഗ്രസിലെ പ്രശ്നങ്ങളുടെ മൂലകാരണം വേണുഗോപാലാണെന്ന് ആരോപിച്ച പി.എസ്. പ്രശാന്ത് പലോട് രവിയെ ‘കുമ്പിടി’ എന്ന് വിശേഷിപ്പിച്ചു. എൽ.ഡി.എഫിലെ ഏതെങ്കിലും പാർട്ടിയിൽ ചേരുമെന്ന് സൂചന നൽകിയാണ് പ്രശാന്ത് ഇന്നലെ വാർത്താസമ്മേളനത്തിൽ സംസാരിച്ചത്.

കെ.സി വേണുഗോപാലുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ളവർക്ക് മാത്രമാണ് ഡിസിസി പട്ടികയിൽ സ്ഥാനം ലഭിച്ചിരിക്കുന്നതെന്ന് പ്രശാന്ത് ആരോപിച്ചു. കെ.സിയോട് കൂറില്ലാത്ത ആർക്കും ഇടംകിട്ടില്ല. ഇക്കാരണത്താലാണ് പാലക്കാട് എ.വി ഗോപിനാഥിന് പുറത്ത് പോകേണ്ടി വന്നത്.ആലപ്പുഴ കെ.സി.വേണുഗോപാലിന് രാഷ്ട്രീയ അഭയം കൊടുത്ത ജില്ലയാണ്. അവിടത്തെ പ്രസ്ഥാനത്തെപോലും തകർക്കുകയാണ്. പാലോട് രവിക്കെതിരേ നടപടി വേണമെന്നല്ല മറിച്ച് റിവാർഡ് നൽകരുതെന്നാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അദ്ദേഹത്തെ ഡിസിസി പ്രസിഡന്റാക്കി. അതോടെ എന്റെ ആരോപണം ശരിയായെന്ന് വ്യക്തമായി. എനിക്ക് വേണ്ടി പ്രവർത്തിച്ച പ്രവർത്തകരെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും പാർട്ടിയിൽ വിഭാഗീയതയുണ്ടാക്കുന്ന നേതാവാണ് പാലോട് രവിയെന്നും പ്രശാന്ത് പറഞ്ഞു.

താൻ മത്സരിച്ച് 50,000 വോട്ട് ലഭിച്ച മണ്ഡലത്തിൽ ഒരു പൊതുപരിപാടികളിലോ മറ്റ് ചടങ്ങുകളിലേക്കോ ക്ഷണിക്കപ്പെട്ടാൽ ക്ഷണിച്ചവരെ വിളിച്ച് ഭീഷണിപ്പെടുത്തുന്ന രീതിയാണ് പാലോട് രവിയും അനുയായികളും സ്വീകരിച്ചിരുന്നത്. എന്റെ ജീവന് ഭീഷണിയുണ്ടാകുമെന്ന് എന്റെ ഭാര്യ ഭയപ്പെട്ടു.

രാഷ്ട്രീയ ജീവിതത്തേക്കാൾ അഭിനയമായിരുന്നു പാലോട് രവിക്ക് പറ്റിയതെന്നും സിനിമയിൽ അഭിനയിച്ചിരുന്നെങ്കിൽ ഓസ്‌കാറും ഭരത് അവാർഡും കിട്ടേണ്ട വ്യക്തിയായിരുന്നു പാലോട് രവി. മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു കെ.പി.സി.സി പ്രസിഡന്റായിരുന്നുവെങ്കിൽ പാലോട് രവിക്ക് ഈ സ്ഥാനം നൽകില്ലായിരുന്നു. വിഭാഗീതകാരണമാണ് മണ്ഡലത്തിൽ ആകെ ഒരു പഞ്ചായത്തിൽ അതും എസ്.‌ഡി.പി.ഐയുടെ പിന്തുണ സ്വീകരിച്ച് ഭരിക്കേണ്ടി വരുന്നത്.

പട്ടിക പ്രഖ്യാപിച്ച ശേഷം കെ.പി.സി.സി പ്രസിഡന്റ് വിളിച്ചു. ‘ഞാൻ ആത്മാർത്ഥമായി കൂടെയുണ്ട്. ഞാൻ നോക്കിക്കോളാം’ എന്ന് പറ‌ഞ്ഞു. എ.വി.ഗോപിനാഥ് രാജിവച്ച് പോയതോടും കൂടി ‘നോക്കിക്കൊള്ളാം’ എന്നു പറയുന്നതിൽ ഒരു കാര്യമില്ലെന്ന് മനസിലായി. നിയമസഭാതിരഞ്ഞെടുപ്പ് സമയത്ത് അവിടെ പോയി ഗോപിനാഥിന് വാക്ക് കൊടുത്തയാളാണ് സുധാകരൻ. പാലക്കാട് എ.തങ്കപ്പൻ ഡി.സി.സി അദ്ധ്യക്ഷനായത് കെ.സിയുടെ അടുത്തയാളായതിനാലാണെന്നും പ്രശാന്ത് ആരോപിച്ചു. ഹൃദയവേദനയോടെയാണ് കോൺഗ്രസ് പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ പ്രശാന്ത് തനിക്ക് വോട്ട് നൽകിയവരോടും കോൺഗ്രസ് പ്രവർത്തകരോടും മാപ്പ് ചോദിച്ചു.

മതേതരത്വം ഉയർത്തിപ്പിടിക്കുന്ന ഒരുപാർട്ടിയുമായി ചേർന്ന് പ്രവർത്തിക്കും. ഒരു പാർട്ടി നേതാക്കളുമായും ചർച്ച നടത്തിയിട്ടില്ല. പിണറായി സർക്കാരിന്റെ ഭരണം മികച്ചതായതുകൊണ്ടാണ് വീണ്ടും അധികാരം ലഭിച്ചത്. അനിൽ അക്കരയുടെ ചെരുപ്പ് നക്കൽ പ്രയോഗം ശരിയായില്ലെന്നും പ്രശാന്ത് പറഞ്ഞു.

Leave a Reply