ഇന്ത്യന്‍ ഒളിമ്പിക് അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് പിടി ഉഷ. ഡല്‍ഹിയിലെ ഒളിമ്പിക് അസോസിയേഷന്‍ ആസ്ഥാനത്ത് എത്തിയാണ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്. അസോസിയേഷന്റെ തലപ്പത്തെത്തുന്ന ആദ്യ വനിതയും ആദ്യ മലയാളിയുമാണ് ഉഷ. എതിരില്ലാതെയാണ് ഉഷ തെരഞ്ഞെടുക്കപ്പെട്ടത്.
സുപ്രീം കോടതി മുന്‍ ജഡ്ജ് എല്‍ നാഗേശ്വര്‍ റാവുവിന്റെ മേല്‍നോട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. നിലവില്‍ ബിജെപിയുടെ നോമിനിയായ രാജ്യസഭയിലെത്തിയ ഉഷയ്‌ക്കെതിരെ മത്സരിക്കാന്‍ ആരും തയാറായിരുന്നില്ല. കഴിഞ്ഞ ജൂലൈയിലാണ് ഉഷ രാജ്യസഭയിലെത്തിയത്. 95 വര്‍ഷത്തെ ഐഒഎ ചരിത്രത്തില്‍ പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ സജീവ കായികതാരമാണ് ഉഷ.
പിന്തുണയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് പിടി ഉഷ രംഗത്തെത്തിയിരുന്നു. തന്റെ യാത്രയിലെ അനുഭവങ്ങളിലൂടെ തന്നെ ഈ പദവിയുടെ വില നന്നായി അറിയാം. ദേശീയ അന്തര്‍ദേശിയ സംഘടനകളുമായി ചേര്‍ന്ന് ഇന്ത്യന്‍ കായികരംഗത്തെ ഉന്നതിയില്‍ എത്തിക്കാന്‍ പരിശ്രമിക്കുമെന്നും ഉഷ കുറിച്ചു.