അമേരിക്കയിൽ കറുത്ത വർഗക്കാരനായ ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതക ദൃശ്യം വിഡിയോയിൽ ചിത്രീകരിച്ച പെൺകുട്ടിക്ക് പുലിറ്റ്‌സർ പ്രൈസിൽ പ്രത്യേക പുരസ്‌കാരം. ഡാർനെല്ല ഫ്രേസിയർ എന്ന പതിനെട്ട് വയസുകാരിയാണ് പുരസ്‌കാരത്തിന് അർഹയായത്.
ലോകത്ത് നടക്കുന്ന പൊലീസ് ക്രൂരതകൾക്കെതിരെ വിരൽചൂണ്ടാൻ പ്രചോദനമാകുന്നതാണ് ഫ്രേസിയർ പകർത്തിയ വിഡിയോ എന്ന് പുലിറ്റ്‌സർ ബോർഡ് അംഗം പറഞ്ഞു. കൊലപാതക ദൃശ്യം ഡാർനെല്ല ഫ്രേസിയർ തന്റെ മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു.
വ്യാജ കറൻസി കൈവശം വച്ചെന്ന് ആരോപിച്ചാണ് 2020 മെയ് 25ന് ജോർജ് ഫ്‌ളോയിഡിനെ ഡെറക് ഷോവിൻ എന്ന വെള്ളക്കാരനായ പൊലീസ് കാൽമുട്ട് കൊണ്ട് കഴുത്തുഞെരിച്ച കൊന്നത്. മിനസോട്ടയിലെ മിനിയാപൊളിസ് നഗരത്തിൽ നടന്ന സംഭവം ലോകമെങ്ങും വലിയ പ്രതിഷേധങ്ങൾക്കാണ് വഴിവച്ചത്.