‘ജെയിംസ്’ ; അവസാന ചിത്രത്തിൽ സൈനികനായി പുനീത് രാജ്‌കുമാർ, ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

0
549

പുനീത് രാജ്‌കുമാറിന്റെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ജെയിംസ്’. അകാലത്തിൽ വിടപറഞ്ഞ തങ്ങളുടെ പ്രിയപ്പെട്ട നടനെ ഒരിക്കൽ കൂടി ബിഗ് സ്‌ക്രീനിൽ കാണാനുള്ള ആഗ്രഹമാണ് ആ കാത്തിരിപ്പിന് ആധാരം. ഇപ്പോഴിതാ, റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച് ‘ജെയിംസ്’ ചിത്രത്തിന്റെ ഫാസ്റ്റ് ലൂക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

പുനീതിന്റെ സഹോദരനും നടനുമായ ശിവരാജ്‌കുമാറാണ് പോസ്റ്റർ ആദ്യം പങ്കുവെച്ചത്. സൈനിക വേഷത്തിലാണ് പുനീത് പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്.

കഴിഞ്ഞ വർഷം ഒക്ടോബറിൽ മരണത്തിനു മുൻപായി പുനീത് അവസാനമായി അഭിനയിച്ച ചിത്രമാണ് ‘ജെയിംസ്’. ചേതൻ കുമാറാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഒരു പാട്ടും ആക്ഷൻ സീക്വൻസും ഒഴികെയുള്ള പ്രധാന ഭാഗങ്ങളെല്ലാം പൂർത്തിയാക്കിയ ശേഷമാണ് താരം വിടപറഞ്ഞത്. പുനീതിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് മാർച്ച് 17 ന് ചിത്രം റിലീസ് ചെയ്യാൻ അണിയറപ്രവർത്തകർ തീരുമാനിച്ചതായി റിപ്പോർട്ടുകളുണ്ട്.

പുനീതിനോടുള്ള ബഹുമാന സൂചകമായി ജെയിംസിന്റെ റിലീസ് നടക്കുന്ന ഒരാഴ്ച മറ്റു കന്നഡ ചിത്രങ്ങൾ റിലീസ് ചെയ്യില്ലെന്ന് കന്നഡ സിനിമാപ്രവർത്തകർ അറിയിച്ചതായും വാർത്തയുണ്ട്. അനു പ്രഭാകർ, ശ്രീകാന്ത്, ആർ. ശരത്കുമാർ, തിലക് ശേഖർ, മുകേഷ് ഋഷി എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.

Leave a Reply