
അല വൈകുണ്ഠപുരമുലു” എന്ന ചിത്രത്തിന് ശേഷം അല്ലു അർജുൻ നായകനായി എത്തുന്ന സിനിമയാണ് പുഷ്‌പ. സുകുമാർ സംവിധാനം ചെയ്യുന്ന സിനിമയിൽ രശ്‌മിക മന്ദനായാണ് നായികാ വേഷത്തിലെത്തുന്നത്. വിവിധ ഭാഷകളിലായി തീയറ്ററുകളിലെത്തുന്ന ചിത്രം ഓഗസ്റ്റ് 13ന് റിലീസ് ചെയ്യും. ട്വിറ്റർ വഴിയും ഔദ്യോഗിക അറിയിപ്പായുമാണ് സിനിമ നിർമാതാക്കൾ വിവരം പുറത്ത് വിട്ടത്.
അല്ലു അർജുനും ഇതേ വിവരം തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു.

ഒരു ചന്ദന കടത്ത് കേസും തുടർന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ പ്രമേയം. സിനിമയിൽ വില്ലൻ വേഷത്തിലെത്തുന്നത് വിജയ് സേതുപതിയാണെന്ന് അഭ്യൂഹങ്ങളുണ്ട്. എന്നാൽ ഇതിനെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഇനിയും വന്നിട്ടില്ല. ആര്യ, ആര്യാ 2 എന്നീ ചിത്രങ്ങൾക്ക് ശേഷം സുധാകർ – അല്ലു അർജുൻ കൂട്ടുകെട്ടിലെത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടി പുഷ്‌പയ്ക്കുണ്ട്

തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിൽ റിലീസിനെത്തുന്ന ചിത്രത്തിൽ പ്രകാശ് രാജും , സുനിലും, ഹരീഷ് ഉത്തമനും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അല്ലു അർജുന്റെ 2 ചിത്രങ്ങളുടെ കൂടി നിർമ്മാണം പുരോഗമിക്കുന്നുണ്ട്. എആർ മുരുകദാസ് സംവിധാനം ചെയ്യുന്ന “Icon” ആണ് അതിലൊന്ന്. അതോടൊപ്പം കൊരടാല ശിവയുടെ കൂടെ AA21 എന്ന സിനിമ ആരംഭിക്കുന്ന വിവരം അല്ലു അർജുൻ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു