നിലമ്പൂര്‍: പി.വി.അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ ഭൂമിയില്‍ അനുമതിയില്ലാതെ നിര്‍മ്മിച്ച തടയണ ഇന്ന് പൊളിക്കും. 2015-16 കാലഘട്ടത്തില്‍ നിര്‍മ്മിച്ച തടയണ പൊളിച്ചു നീക്കാന്‍ ഹൈക്കോടതിയും ഓംബുഡ്സ്മാനും നിര്‍ദേശിച്ചിരുന്നെങ്കിലും നടപടികള്‍ പ്രാവര്‍ത്തികമായിരുന്നില്ല. തടയണയുടെ സമീപത്ത് താമസിക്കുന്നവരുടെ പരാതിയിന്മേലാണ് ഇപ്പോഴത്തെ നടപടിയെന്നാണ് ലഭിക്കുന്ന വിവരം.
റസ്റ്ററന്റിനുള്ള അനുമതിയുടെ പിന്നില്‍ തടയണയ്ക്ക് കുറുകെ അന്‍വറിന്റെ ഭാര്യാപിതാവ് സി.കെ.അബ്ദുള്‍ ലത്തീഫ് നിയമവിരുദ്ധമായി കെട്ടിയ റോപ് വെ പൊളിച്ച് നീക്കാന്‍ കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. നടപടിയില്‍ വീഴ്ച വരുത്തിയാല്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പിഴ ചുമത്തുമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാന്‍ ജസ്റ്റിസ് പി.എസ്.ഗോപിനാഥന്‍ ഉത്തരവിറക്കിയിരുന്നു.
അനധികൃത നിര്‍മ്മാണങ്ങള്‍ സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ ജനുവരി 15 ന് റിപ്പോര്‍ട്ട് ചെയ്യണമെന്നായിരുന്നു ഓംബുഡ്സ്മാന്‍ തടയണ സ്ഥിതി ചെയ്യുന്ന പഞ്ചായത്തിന്റെ സെക്രട്ടറിക്ക് നല്‍കിയ നിര്‍ദേശം. നേരത്തെയും ഇത്തരത്തില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചു നീക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ടിരുന്നെങ്കിലും നടപടികള്‍ ഉണ്ടായിരുന്നില്ല.