ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീന-ഫ്രാന്‍സ് ഫൈനല്‍. എതിരില്ലാത്ത രണ്ട് ഗോളിനാണ് പുതുചരിത്രമെഴുതാന്‍ വന്ന ആഫ്രിക്കന്‍ കൊമ്പന്മാരെ ഫ്രാന്‍സ് വീഴ്ത്തിയത്.ലോകകപ്പ് ഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീമിനായി കായിക ലോകത്തിന് ഇനിയും കാത്തിരിക്കണം.
ഫ്രാന്‍സിന്റെ നാലാം ലോകകപ്പ് ഫൈനലാണ് ഇത്. 2002ല്‍ ബ്രസീലിന് ശേഷം തുടരെ വന്ന ലോകകപ്പുകളില്‍ ഫൈനല്‍ കളിക്കുന്ന ആദ്യ ടീമായും ഫ്രാന്‍സ് മാറി. 1990ലെ ജര്‍മനിക്ക് ശേഷം ഈ നേട്ടം തൊടുന്ന ആദ്യ യൂറോപ്യന്‍ രാജ്യവുമാണ് ഫ്രാന്‍സ്. 1998, 2006, 2018, 2022 വര്‍ഷങ്ങളിലാണ് ഫ്രാന്‍സ് ലോകകപ്പ് ഫൈനലില്‍ കടക്കുന്നത്.
മൊറോക്കോയുടെ തോല്‍വി അറിയാതെയുള്ള ലോകകപ്പിലെ ആറ് മത്സരങ്ങളിലെ കുതിപ്പിനും ഫ്രാന്‍സ് അറുതി വരുത്തി. 2018ലെ ഗ്രൂപ്പ് ഘട്ടത്തില്‍ പോര്‍ച്ചുഗലിനോട് തോറ്റതിന് ശേഷം ഫ്രാന്‍സിനോടാണ് ലോകകപ്പില്‍ അവര്‍ പിന്നെ തോല്‍വി നേരിടുന്നത്.