ലോകകപ്പിലെ അവസാന ഗ്രൂപ്പ് പോരാട്ടത്തില്‍ ബ്രസീലും അട്ടിമറി തോല്‍വി രുചിച്ചു. ഈ ലോകകപ്പില്‍ വമ്പന്‍മാരുടെയെല്ലാം ചിറകരിഞ്ഞ് കുഞ്ഞന്‍ ടീമുകള്‍ കരുത്ത് കട്ടിയപ്പോള്‍ കാമറൂണാണ് ഇഞ്ച്വറി ടൈമില്‍ കാനറികളുടെ ചിറകരിഞ്ഞത്. തോറ്റെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ബ്രസീല്‍ പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി. ആദ്യ രണ്ട് മത്സരങ്ങളില്‍ നേടിയ വിജയത്തിന്റെ ബലത്തിലാണ് ബ്രസീലിന്റെ മുന്നേറ്റം.
കാമറൂണ്‍ സൂപ്പര്‍ താരം വിന്‍സെന്റ് അബൗബക്കറിന്റെ ഗോളാണ് ബ്രസീലിനെ അട്ടിമറി തോല്‍വിയിലേക്ക് തള്ളിയിട്ടത്. ഗോള്‍ നേടിയതിന് പിന്നാലെ അബൗബക്കര്‍ ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്താകുകയും ചെയ്തു. ജഴ്സിയൂരി ആഹ്ലാദം പ്രകടിപ്പിച്ച അബൗബക്കര്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് ചുവപ്പു കാര്‍ഡ് വാങ്ങി പുറത്താകുകയായിരുന്നു.ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സെര്‍ബിയയെ കീഴടക്കി സ്വിറ്റ്സര്‍ലന്‍ഡും രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിച്ചു. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് സ്വിസ് വിജയം.പ്രീ ക്വാര്‍ട്ടറില്‍ ബ്രസീലിന് ദക്ഷിണ കൊറിയയാണ് എതിരാളികള്‍. സ്വിറ്റ്സര്‍ലന്‍ഡ് പോര്‍ച്ചുഗലിനെ നേരിടും. സ്വിറ്റ്സര്‍ലന്‍ഡിനും ബ്രസീലിനും ആറ് പോയന്റ് വീതമാണെങ്കിലും ഗോള്‍ വ്യത്യാസത്തിന്റെ ബലത്തില്‍ ബ്രസീല്‍ ഒന്നാമതെത്തി.
രണ്ട് മത്സരങ്ങള്‍ വിജയിച്ച് അവസാന 16ല്‍ എത്തിയതിനാല്‍ സുപ്രധാന താരങ്ങള്‍ക്കെല്ലാം വിശ്രമം അനുവദിച്ചാണ് ടിറ്റെ ബ്രസീലിനെ കളത്തിലിറക്കിയത്. എന്നിട്ടും മികച്ച പ്രകടനം പുറത്തെടുത്ത സെലക്കാവോകള്‍ അവരുടെ ബെഞ്ചിന്റെ കരുത്ത് കാണിച്ചു. പക്ഷേ രണ്ടാം നിരയിലെ മികച്ചവര്‍ കളത്തിലെത്തിയിട്ടും അതിനൊത്ത ഒത്തൊരുമ അവര്‍ പ്രകടിപ്പിച്ചില്ല. കാമറൂണ്‍ ഗോള്‍ കീപ്പര്‍ ഡേവിഡ് എപ്പാസിയുടെ ഗംഭീര സേവുകളും അവര്‍ക്ക് വിലങ്ങായി നിന്നു.
ആദ്യ മിനിറ്റ് തൊട്ട് ബ്രസീല്‍ ആക്രമിച്ച് കളിച്ചു. കാമറൂണും ആക്രമണങ്ങളില്‍ ഒട്ടും പിറകിലല്ലായിരുന്നു. 22ാം മിനിറ്റില്‍ ഫ്രെഡിന് ബോക്സിനുള്ളില്‍ വെച്ച് സുവര്‍ണാവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.ബ്രസീല്‍ നിരന്തരം ആക്രമണം അഴിച്ചുവിട്ടെങ്കിലും കാമറൂണ്‍ പ്രതിരോധം അതിനെ സമര്‍ത്ഥമായി തന്നെ നേരിട്ടു. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമില്‍ മാര്‍ട്ടിനെല്ലിയുടെ തകര്‍പ്പന്‍ ഷോട്ട് ഗോള്‍ കീപ്പര്‍ എപ്പാസി ഒരുവിധം തട്ടിയകറ്റി. പിന്നാലെ കാമറൂണ്‍ വല കുലുക്കിയെന്ന് തോന്നിച്ചെങ്കിലും ഗോള്‍കീപ്പര്‍ എഡേഴ്സണ്‍ തകര്‍പ്പന്‍ സേവിലൂടെ രക്ഷകനായി.
രണ്ടാം പകുതിയുടെ തുടക്കം കാമറൂണ്‍ ബ്രസീലിനെ ഞെട്ടിച്ചു കൊണ്ട് ആക്രമണം അഴിച്ചു വിട്ടു. 50 മിനിറ്റില്‍ സൂപ്പര്‍താരം അബൗബക്കറുടെ ഉഗ്രന്‍ ഷോട്ട് ബ്രസീല്‍ ഗോള്‍പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി. 56-ാം മിനിറ്റില്‍ പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ മാര്‍ട്ടിനെല്ലി ഉഗ്രന്‍ ഷോട്ട് പോസ്റ്റിലേക്കുതിര്‍ത്തെങ്കിലും അവിശ്വസനീയമായി എപ്പാസി അത് തട്ടിയകറ്റി. പിന്നാലെ മിലിറ്റാവോയ്ക്കും മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിനും ലക്ഷ്യം കാണാനായില്ല. പിന്നാലെ ആന്റണിയും ഒരു ശ്രമം നടത്തിയെങ്കിലും അതും പാളി.ആക്രമണവും പ്രത്യാക്രമണവുമായി ഇരു ടീമുകളും കളം നിറഞ്ഞെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. 85ാം മിനിറ്റില്‍ റാഫീന്യയുടെ ക്രോസില്‍ ബ്രൂണോയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന് ലക്ഷ്യം കാണാനായില്ല. 89-ാം മിനിറ്റില്‍ ലഭിച്ച സുവര്‍ണാവസരം പെഡ്രോയും പാഴാക്കി.
ഒടുവില്‍ ബ്രസീലിനെ ഞെട്ടിച്ചു കൊണ്ട് കാമറൂണ്‍ ഗോളടിച്ചു. തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ സൂപ്പര്‍ താരം വിന്‍സെന്റ് അബൗബക്കറാണ് കാമറൂണിനായി വല കുലുക്കിയത്. എന്‍ഗോം എംബെക്കെല്ലിയുടെ തകര്‍പ്പന്‍ ക്രോസിന് മനോഹരമായി തലവെച്ചു പന്ത് വലയിലിട്ട് അബൗബക്കര്‍ കാമറൂണിന് ചരിത്ര വിജയം സമ്മാനിച്ചു. ബ്രസീലിനെ അട്ടിമറിച്ചെന്ന തലയെടുപ്പോടെ കാമറൂണിന്റെ മടക്കം.