Saturday, November 23, 2024
HomeNewsKeralaകാവ്യ മാധവനെ വീട്ടിലെത്തി ചോദ്യം ചെയ്യുന്നതാണ് ഉചിതമെന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം

കാവ്യ മാധവനെ വീട്ടിലെത്തി ചോദ്യം ചെയ്യുന്നതാണ് ഉചിതമെന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം

നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് കാവ്യ മാധവനെ വീട്ടിലെത്തി ചോദ്യം ചെയ്യുന്നതാണ് ഉചിതമെന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം ലഭിച്ചു. കേസിലെ സാക്ഷിയായതും സ്ത്രീയെന്ന പരി​ഗണനയും കാവ്യയ്ക്ക് ലഭിക്കുമെന്നും നിയമോപദേശത്തിൽ പറയുന്നു. ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജിനും സഹോദരൻ അനൂപിനും ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുണ്ട്.

കാവ്യ മാധവന്റെ ചോദ്യം ചെയ്യലിൽ തീരുമാനമെടുക്കാൻ ക്രൈംബ്രാഞ്ച് അല്പ സമയം മുമ്പ് യോ​ഗം ചേർന്നിരുന്നു. കാവ്യയെ എവിടെ വെച്ച് ചോദ്യം ചെയ്യണമെന്ന കാര്യത്തിൽ നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനമെടുക്കുക. ചോദ്യം ചെയ്യൽ, കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ വീട്ടിൽ വേണമെന്ന ആവശ്യമാണ് ഭാര്യയായ കാവ്യ ഉന്നയിക്കുന്നത്. ഹാജരാകേണ്ട സ്ഥലം കാവ്യയെ ഉടൻ അറിയിക്കും.

ചോദ്യം ചെയ്യലിനായി നടി കാവ്യാ മാധവൻ ആലുവ പൊലീസ് ക്ലബിൽ ഹാജരാകണമെന്ന് നേരത്തേ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. സാക്ഷിയാക്കി കണക്കാക്കുന്നതിനാൽ ആലുവയിലെ പത്മസരോവരം വീട്ടിൽ ചോദ്യം ചെയ്യണമെന്നാണ് കാവ്യയുടെ ആവശ്യം.

സാക്ഷിയായതിനാൽ ചോദ്യം ചെയ്യലിനു തനിക്കു സൗകര്യപ്രദമായ സ്ഥലം നിർദേശിക്കാൻ അവകാശമുണ്ടെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കാവ്യ. പൊലീസ് ക്ലബ് ഒഴിവാക്കി മറ്റൊരു സ്ഥലം ക്രൈംബ്രാഞ്ച് ഇതുവരെ നിർദേശിച്ചിട്ടില്ല. ഇതേ കേസിലെ മറ്റൊരു സാക്ഷിയായ സംവിധായകൻ ബാലചന്ദ്രകുമാറിനൊപ്പവും കാവ്യയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments