കൊച്ചി: ദിലീപിനോട് ബാലചന്ദ്രകുമാറിന് ദേഷ്യമുള്ളതായി തോന്നിയിട്ടില്ലെന്ന് സംവിധായകന്‍ റാഫി. സിനിമ നടക്കാതെ നീണ്ടു പോകുന്നത് സംബന്ധിച്ച് ചെറിയ മാനസിക വിഷമങ്ങള്‍ ഉണ്ടായിരുന്നെന്നും റാഫി കൂട്ടിച്ചേര്‍ത്തു. വധഗൂഡാലോചനക്കേസില്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“പിക്ക് പോക്കറ്റ് എന്ന് പേരിട്ട സിനിമയില്‍ നിന്ന് പിന്മാറുന്നതായി ബാലചന്ദ്രകുമാര്‍ വിളിച്ചു പറയുകയായിരുന്നു. ബാലചന്ദ്രകുമാര്‍ എഴുതിയ തിരക്കഥ ഒന്നുകൂടി മിനുക്കിയെടുക്കാനാണ് എന്നെ ഏല്‍പ്പിച്ചത്. ദിലീപിനോട് വൈരാഗ്യമുള്ളതായൊന്നും എന്നോട് ബാലചന്ദ്രകുമാര്‍ ഇതുവരെ പറഞ്ഞിട്ടില്ല,” റാഫി വ്യക്തമാക്കി.
സിനിമ നടക്കാതെ പോയതിന്റെ കാരണങ്ങളും അദ്ദേഹം വിവരിച്ചു. “പറക്കും പപ്പന്‍ എന്നൊരു സിനിമയുടെ തിരിക്കഥ ആദ്യം പൂര്‍ത്തിയാക്കാനാണ് എന്നോട് പറഞ്ഞത്. ഗ്രാഫിക്സിന് മുന്‍തൂക്കമുള്ള ചിത്രമായതിനാല്‍ പ്രീ പ്രൊഡക്ഷന് ഒരു വര്‍ഷം ആവശ്യമായിരുന്നു. അതുകൊണ്ടാണ് പിക്ക് പോക്കറ്റ് നീട്ടി വയ്ക്കേണ്ടി വന്നത്,” റാഫി പറഞ്ഞു.
നടിയെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപടക്കമുള്ളവരുടെ ചോദ്യം ചെയ്യല്‍ ക്രൈം ബ്രാഞ്ച് ഓഫീസില്‍ തുടരുകയാണ്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. നാളെയും ദിലീപിന്റെ ചോദ്യം ചെയ്യല്‍ തുടരും.