നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇഡി ചോദ്യം ചെയ്യുന്നത് തുടരുന്നതില്‍ പ്രശ്നമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാവരും തന്നോടൊപ്പമുണ്ട്. പിന്നെ എന്തിനെ ഭയക്കണം. ഇതുകൊണ്ടെന്നും കോണ്‍ഗ്രസിനെ ഭയപ്പെടുത്താനാകില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
മണിക്കൂറുകള്‍ നേരം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതില്‍ ഒരു മടുപ്പോ, ഭയമോ തോന്നിയിട്ടില്ല. ഒപ്പം നിന്ന എല്ലാവരോടും നന്ദിയുണ്ടെന്ന് രാഹുല്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ അഗ്‌നിപഥ് പദ്ധതിയ്ക്കെതിരെയും രാഹൂല്‍ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തിയത്. ജോലിയെന്ന യുവാക്കളുടെ അവസാന പ്രതീക്ഷയും മോദി സര്‍ക്കാര്‍ ഇല്ലാതാക്കി. കാര്‍ഷിക നിയമപിന്‍വലിച്ചപോലെ യുവാക്കളുടെ പ്രതിഷേധത്തിന് മുന്നില്‍ പദ്ധതി പിന്‍വലിക്കേണ്ടിവരുമെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്തെ കരുത്തുറ്റതാക്കണമെങ്കില്‍ യഥാര്‍ഥ രാജ്യസ്നേഹം ഉണ്ടാകണം. അഗ്‌നിപഥ് പദ്ധതിയിലൂടെ സൈന്യത്തെ ദുര്‍ബലപ്പെടുത്തുകയാണ് മോദി ചെയ്യുന്നതെന്നും രാഹുല്‍ പറഞ്ഞു.
വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുമെന്നായിരുന്നു മോദിയുടെ ഒരു അവകാശവാദം. എന്നാല്‍ സൈനികര്‍ക്കും റാങ്കും പെന്‍ഷനും ഇല്ലാത്ത സാഹചര്യമാണെന്നും രാഹുല്‍ പറഞ്ഞു.