കശ്മീരിൽ അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധി. കശ്മീരി പണ്ഡിറ്റുകൾ ധർണയിലാണെന്നും എന്നാൽ സർക്കാർ എട്ട് വർഷം ആഘോഷിക്കുന്ന തിരക്കിലാണെന്നും അദ്ദേഹം പരിഹസിച്ചു. കശ്മീരിൽ കഴിഞ്ഞ 5 മാസത്തിനിടെ 15 സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിക്കുകയും, 18 സാധാരണക്കാർ കൊല്ലപ്പെടുകയും ചെയ്തുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
‘പ്രധാനമന്ത്രി, ഇതൊരു സിനിമയല്ല, കശ്മീരിന്റെ ഇന്നത്തെ യാഥാർത്ഥ്യമാണ്’ രാഹുൽ കുറിച്ചു. കശ്മീർ താഴ്‌വരയിലെ കുൽഗാം ജില്ലയിൽ അധ്യാപിക കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ജമ്മു നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച പ്രതിഷേധം നടന്നിരുന്നു. പ്രതിഷേധക്കാർ ഭരണകൂടത്തിന്റെ കോലം കത്തിക്കുകയും പാക്കിസ്താനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
ചൊവ്വാഴ്ചയാണ് 36 കാരിയായ രജനിബാല ഭീകരരുടെ വെടിയേറ്റ് മരിച്ചത്. അധ്യാപികയുടെ പേര് ചോദിച്ച ശേഷമാണ് ഭീകരർ വെടിയുതിർത്തതായും പറയപ്പെടുന്നു.