കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി മത്സരിച്ചേക്കുമെന്ന് സൂചന നല്‍കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഗാന്ധികുടുംബത്തിന് സമ്മതനായ ആളെ കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെയാണ് രാഹുല്‍ ഗാന്ധി തന്നെ രംഗത്ത് എത്തുമെന്ന സൂചന പുറത്തുവന്നത്. അധ്യക്ഷ പദവിയിലേക്കില്ലെന്ന കടുംപിടിത്തത്തില്‍നിന്നും രാഹുല്‍ പിന്‍മാറുമെന്നും മത്സരിക്കാന്‍ തയാറാകുമെന്നുമാണ് പ്രതീക്ഷയെന്നും ചില നേതാക്കള്‍ പറഞ്ഞു. വിദേശത്തുനിന്ന് തിരിച്ചെത്തുന്ന രാഹുലുമായി മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച നടത്തും.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെയാണ് രാഹുല്‍ ഗാന്ധി അധ്യക്ഷ പദവി രാജി വച്ചതും ഗാന്ധി കുടുംബത്തില്‍നിന്നും ആരും അധ്യക്ഷനാകാനില്ലെന്നും അറിയിച്ചത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെയാണ് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേയ്ക്ക് ഗാന്ധി കുടുംബം പരിഗണിച്ചത്. എന്നാല്‍ ഗെഹ്ലോട്ട് ചില നിബന്ധനകള്‍ മുന്നോട്ടുവച്ചത് അംഗീകരിക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു.
മുഖ്യമന്ത്രിസ്ഥാനത്ത് തുടരാന്‍ അനുവദിക്കുകയോ അല്ലെങ്കില്‍ വിശ്വസ്തനെ മുഖ്യമന്ത്രിയാക്കുകയോ വേണമെന്നായിരുന്നു ഗെഹ്ലോട്ടിന്റെ ആവശ്യം. ജി 23 ഗ്രൂപ്പിന്റെ ഭാഗത്തുനിന്ന് ശശി തരൂരോ, മനീഷ് തിവാരിയോ മത്സരിച്ചേക്കും. അതേസമയം, രാഹുല്‍ ഗാന്ധി മത്സരിച്ചാല്‍ താന്‍ രംഗത്തുണ്ടാവില്ലെന്ന സൂചന നേരത്തേതന്നെ തരൂര്‍ നല്‍കിയിരുന്നു.