സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. വയനാട് ഒഴികെയുള്ള വടക്കൻ ജില്ലകളിലാണ് യെല്ലോ അലർട്ട്. അടുത്ത ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യത. മലയോരമേഖലകളിൽ ജാഗ്രത തുടരണം. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദവും കോമോറിൻ തീരത്തെ ചക്രവാതച്ചുഴിയും, ശക്തമായ പടിഞ്ഞാറൻ കാറ്റുമാണ് മഴ തുടരുന്നതിന് കാരണം. ബംഗാൾ ഉൽക്കടലിലെ ന്യൂനമർദ്ദം നാളെയോടെ കൂടുതൽ ശക്തിപ്രാപിച്ചേക്കും
തിരുവനന്തപുരം പെരുമാതുറയിൽ മീൻപിടിത്തത്തിനിടെ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ അഞ്ചാംദിനവും തെരച്ചിൽ തുടരുകയാണ് .മുങ്ങൽ വിദഗ്ധരായ മത്സ്യത്തൊഴിലാളികളെ കൂടി പങ്കെടുപ്പിച്ചാണ് ഇന്നത്തെ തെരച്ചിൽ. കാണാതായ മൂന്ന് മത്സ്യതൊഴിലാളികളിൽ ഒരാളുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു .
വിഴിഞ്ഞം തീരത്ത് അടിഞ്ഞ മൃതദേഹം കാണാതായ വെട്ടൂർ സ്വദേശി സമദിന്‍റേതാണെന്നാണ് സംശയം. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം തിരിച്ചറിയാൻ സാമ്പിളുകൾ ഡി എൻ എ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പുലിമുട്ടിലും പരിശോധ തുടരുകയാണ്. കോസ്റ്റ് ഗാർഡും തീരദേശ പൊലീസും നാട്ടുകാരും ചേര്‍ന്നാണ് തെരച്ചിൽ നടത്തുന്നത്