കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയെ ഇന്ന് തീരുമാനിക്കും. ഡല്‍ഹിയിൽ നിന്ന് മടങ്ങിയെത്തിയ കെ.പി.സി.സി അദ്ധ്യക്ഷൻ ഇന്ന് മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്തും. അന്തിമ പട്ടിക ഇന്നുതന്നെ ഹൈക്കമാൻഡിന് കൈമാറിയേക്കുമെന്നാണ് സൂചന.
കേരളത്തിൽ നിന്നുള്ള രാജ്യസഭാസീറ്റിൽ ശ്രീനിവാസൻ കൃഷ്ണന്റെ പേര് പരിഗണിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ഒഴിവുവന്ന രാജ്യസഭാ സീറ്റുകളിൽ ഒരെണ്ണമാണ് കോൺഗ്രസിന് ലഭിക്കുക. ഈ സീറ്റിലേയ്ക്ക് പുതുമുഖങ്ങളെയോ യുവാക്കളെയോ പരിഗണിക്കണമെന്നതാണ് കെ.പി.സി.സിയുടെ നിലപാട്.
എം ലിജു, ഷാനിമോൾ ഉസ്മാൻ, വി ടി ബൽറാം, സതീശൻ പാച്ചേനി, എംഎം ഹസ്സൻ, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവരുള്ള പട്ടികയാണ് സംസ്ഥാനനേതൃത്വം തയ്യാറാക്കിയിട്ടുള്ളത്.
പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാധ്രയുടെ സുഹൃത്താണ് ശ്രീനിവാസൻ കൃഷ്ണൻ. ശ്രീനിവാസൻ കൃഷ്ണന്റെ പേര് പരിഗണനാപട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് സോണിയ ഗാന്ധി നിർദേശിച്ചിരുന്നു. റോബർട്ട് വാധ്രയുമായി ബന്ധപ്പെട്ട കേസുകളിൽ ആരോപണ വിധേയനാണ് ശ്രീനിവാസൻ കൃഷ്ണൻ. പ്രിയങ്ക ഗാന്ധിയുടെ നോമിനിയായി 2018 മുതൽ ശ്രീനിവാസൻ കൃഷ്ണൻ എഐസിസി ഭാരവാഹിയായി പ്രവർത്തിക്കുകയാണ്.
തെലങ്കാനയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി ശ്രീനിവാസൻ കൃഷ്ണനെ ഹൈക്കമാൻഡ് നോമിനിയായി പട്ടികയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞ ദിവസമാണ് കെപിസിസി നേതൃത്വത്തിന് നിർദേശം ലഭിച്ചത്. സംസ്ഥാന നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ടാണ് റോബർട്ട് വദ്രയുമായി ബിസിനസ് ബന്ധങ്ങളുള്ള പ്രിയങ്കയുടെ വിശ്വസ്തനും തൃശ്ശൂർ സ്വദേശിയുമായ ശ്രീനിവാസൻ കൃഷ്ണൻറെ പേര് സംസ്ഥാന ലിസ്റ്റിൽ ഉൾപ്പെടുത്താൻ ഹൈക്കമാൻഡ് നിർദേശിച്ചത്.