രാഹുല്‍ ഗാന്ധിയുടെ പ്രതികരണത്തെ വളച്ചൊടിച്ചു; മുന്‍ കേന്ദ്ര മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡടക്കം അഞ്ച് പേര്‍ക്കെതിരെയാണ് കേസ്

0
33

വയനാട്ടിലെ എംപി ഓഫീസ് ആക്രമണത്തെക്കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ പ്രതികരണത്തെ വളച്ചൊടിച്ച് പ്രചരിപ്പിച്ച സംഭവത്തില്‍ മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി എംപിയുമായ രാജ്യവര്‍ധന്‍ സിങ് റാത്തോഡിനെതിരെ കേസ്. രാഹുലിന്റെ പ്രതികരണം ഉദയ്പുര്‍ കൊലപാതകത്തിലേതാണെന്ന തരത്തിലായിരുന്നു പ്രചാരണം. രാജ്യവര്‍ധന്‍ സിങ് റാത്തോഡടക്കം അഞ്ച് പേര്‍ക്കെതിരെയാണ് കേസ്.
ഛത്തീസ്ഗഢിലെ ബിലാസ്പുരിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എഫ്‌ഐആറും ഇട്ടിട്ടുണ്ട്. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

നേരത്തെ ഇക്കാര്യം ആദ്യം പ്രചരിപ്പിച്ച ചാനലിനെതിരെ കേസെടുത്തിരുന്നു. കോണ്‍ഗ്രസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജയ്പുര്‍ പൊലീസാണ് കേസെടുത്തത്. എസ്എഫ്ഐ ആക്രമണത്തെ കുറിച്ചുള്ള രാഹുലിന്റെ പ്രതികരണമാണ് വളച്ചൊടിച്ച് ഉദയ്പുര്‍ കൊലപാതകത്തിലേത് എന്ന തരത്തില്‍ പ്രചരിപ്പിച്ചത്.

തന്റെ ഓഫീസ് ആക്രമിച്ചത് കുട്ടികളാണ് എന്നും അവരോട് ക്ഷമിച്ചിരിക്കുന്നു എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. എന്നാല്‍ സി ന്യൂസ് വാര്‍ത്ത നല്‍കിയത് ഉദയ്പുര്‍ കൊലപാതകം നടത്തിയത് കുട്ടികള്‍ ആണെന്നായിരുന്നു. വാര്‍ത്ത വന്നതിന് പിന്നാലെ സംഘപരിവാര്‍ പ്രൊഫൈലുകള്‍ ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് വ്യാജ പ്രചാരണത്തിന് കേസ് കൊടുത്തത്. രാജ്യവര്‍ധന്‍ റാത്തോഡ് അടക്കമുള്ള ബിജെപി നേതാക്കള്‍ ഈ വീഡിയോ ഷെയര്‍ ചെയ്തിരുന്നു. വീഡിയോ വൈറലായതിന് പിന്നാലെ ക്ഷമ ചോദിച്ച് ചാനല്‍ രംഗത്തു വന്നിരുന്നു.

Leave a Reply