കര്‍ഷക നേതാവ് രാകേഷ് ടിക്കായത്തിന് നേരെ ആക്രമണം, പരസ്പരം തല്ലി അണികള്‍

0
23

കര്‍ഷക നേതാവ് രാകേഷ് ടിക്കായത്തിന്റെ ദേഹത്ത് കറുത്ത മഷി ഒഴിച്ചു. ബെംഗളൂരു പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് ചിലര്‍ ഹാളിലേക്ക് എത്തി രാകേഷ് ടിക്കായത്തിന്റെ ദേഹത്ത് മഷിയൊഴിച്ചത്. കര്‍ഷകസംഘടനകള്‍ തമ്മിലുള്ള തര്‍ക്കമാണ് അക്രമസംഭവങ്ങള്‍ക്ക് കാരണമായതെന്ന് പൊലീസ് അറിയിച്ചു. കര്‍ണാടകയിലെ കര്‍ഷക നേതാവ് കൊടിഹള്ളി ചന്ദ്രശേഖറിന്റെ അനുയായികളാണ് മഷി ഒഴിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു.

മഷിയൊഴിച്ചതിനെ പിന്നാലെ കര്‍ഷകസംഘം പ്രവര്‍ത്തകരും കൊടിഹള്ളി ചന്ദ്രശേഖറിന്റെ അനുയായികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. വാര്‍ത്തസമ്മേളന വേദിയില്‍ പരസ്പരം തല്ലിയ അണികള്‍ കസേരയെടുത്ത് അടിക്കുകയും വലിച്ചെറിയുകയും ചെയ്തു.

കര്‍ഷക പ്രക്ഷോഭത്തിന്റെ പേരില്‍ ടികായത്ത് പണം തട്ടിയെന്ന് നേരത്തെ ചന്ദ്രശേഖര്‍ ആരോപിച്ചിരുന്നു. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാനാണ് ടികായത്ത് വാര്‍ത്താസമ്മേളനം വിളിച്ചത്. കര്‍ണാടക പൊലീസാണ് പ്രശ്‌നം വഷളാക്കിയതെന്നും സുരക്ഷാ ഭീഷണിയുണ്ടായിട്ടും തനിക്ക് വേണ്ടത്ര സംരക്ഷണം പൊലീസ് തന്നില്ലെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു. സംഭവത്തെ അപലപിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച രംഗത്ത് എത്തി.കര്‍ഷക മുന്നേറ്റത്തെ അംഗീകരിക്കാനാകാത്തവരാണ് പിന്നിലെന്ന് സംഘടന ആരോപിച്ചു. കൊടിഹള്ളി ചന്ദ്രശേഖര്‍ നേരത്തെ ആം ആദ്മിയില്‍ ചേര്‍ന്നിരുന്നു.

Leave a Reply