രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ മറവില്‍ അനധികൃത ഭൂമി ഇടപാടും വന്‍ സാമ്പത്തിക തിരിമറിയുമെന്ന് ആരോപണം

0
40

രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ മറവില്‍ അനധികൃത ഭൂമി ഇടപാടും വന്‍ സാമ്പത്തിക തിരിമറിയുമെന്ന് ആരോപണം. ക്ഷേത്ര നിര്‍മ്മാണത്തിനായി കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച രാം മന്ദിര്‍ ട്രസ്റ്റിന്റെ മറവിലാണ് ഭൂമി കുംഭകോണമെന്ന് സമാജ്‌വാദി പാര്‍ട്ടിയും ആം ആദ്മി പാര്‍ട്ടിയും ആരോപിക്കുന്നു.

ക്ഷേത്ര ട്രസ്റ്റ് റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാരില്‍ നിന്നാണ് വന്‍തുകയ്ക്ക് ഭൂമി വാങ്ങുന്നത്. രണ്ട് കോടിക്ക് റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാര്‍ വാങ്ങിയ ഭൂമി മിനിറ്റുകള്‍ക്കുള്ളില്‍ 18 കോടി രൂപയ്ക്ക് ട്രസ്റ്റിനു മറിച്ചുവില്‍ക്കുകയാണ്. ട്രസ്റ്റ് അംഗങ്ങളും പ്രദേശിക ബി.ജെ.പി നേതാക്കളുമാണ് ഈ തട്ടിപ്പിന് പിന്നിലെന്നും പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നു.

ഇടപാടുകളിലെല്ലാം സാക്ഷികളായി ഒപ്പുവച്ചിരിക്കുന്നത് അയോധ്യ മേയറും ട്രസ്റ്റിലെ ഒരംഗവുമാണെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവും മുന്‍മന്ത്രിയുമായ പവന്‍ പാണ്ഡെ ആരോപിച്ചു. മിനിറ്റുകള്‍ക്കുള്ളില്‍ 16.5 കോടി രൂപയുടെ തട്ടിപ്പാണ് നടക്കുന്നത്. ഇതില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോടികണക്കിന് ആളുകളാണ് ക്ഷേത്ര നിര്‍മ്മാണത്തിന് ട്രസ്റ്റിലേക്ക് സംഭാവന നല്‍കിയത്. അവരുടെ സമ്പാദ്യത്തിലെ വലിയൊരു ഭാഗമാണിത് അവരുടെ പണം ഇത്തരത്തിലാണ് ഉപയോഗിക്കുന്നതെങ്കില്‍ ഈ രാജ്യത്തെ 120 കോടി ജനങ്ങളെ അപമാനിക്കുന്നതാണ്-പാണ്ഡെ പറഞ്ഞു. സമാനമായ ആരോപണവുമായി എഎപി എം.പി സഞ്ജയ് സിംഗും രംഗത്തെത്തി. ‘ശ്രീരാമന്റെ പേരില്‍ ഇത്തരമൊരു അഴിമതി നടക്കുമെന്ന് ആരും കരുതിയില്ല. എന്നാല്‍ ഈ രേഖകള്‍ അത് ശരിവയ്ക്കുന്നു’വെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ആരോപണങ്ങളെല്ലാം ക്ഷേത്ര ട്രസ്റ്റ് നിഷേധിച്ചു. ‘ഒരു നൂറ്റാണ്ടിലേറെയായി പല വിധത്തിലുള്ള ആരോപണങ്ങള്‍ യരുന്നു. ചിലര്‍ തങ്ങളെ മഹാത്മാ ഗാന്ധിയുടെ ഘാതകര്‍ വരെയാക്കി. അത്തരം ആക്ഷേപങ്ങളില്‍ ആശങ്കയില്ല.- വിശ്വഹിന്ദു പരിഷത്ത് നേതാവ് ചമ്പത് റായ് പറഞ്ഞു. ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറിയാണ് ചമ്പത് റായ്.

Leave a Reply