തിരുവനന്തപുരം
കെപിസിസി അധ്യക്ഷനായി ചുമതലയേറ്റ കെ സുധാകരന് മുന്നറിയിപ്പുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നമ്മുടെ ശത്രു നമ്മള്‍ തന്നെയാണെന്നും ചിരിക്കുന്നവരെല്ലാം സ്‌നേഹിതരാണെന്ന് കരുതരത്. മുമ്പില്‍ വന്ന് പുകഴ്ത്തുന്നവരെല്ലാം നമ്മളോടൊപ്പം ഉണ്ടാവില്ലെന്നാണ് അനുഭവപാഠമെന്നും രമേശ് ചെന്നിത്തല കെ സുധാകരനോടായി പറഞ്ഞു. താന്‍ കെപിസിസി അധ്യക്ഷനായി ഇരുന്നപ്പോഴത്തെ അനുഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു രമേശ് ചെന്നിത്തലയുടെ മുന്നറിയിപ്പ്.
ഞാന്‍ കെപിസിസി അധ്യക്ഷനായിരിക്കുന്ന സമയത്തായിരുന്നു കെ കരുണാകരന്‍ പാര്‍ട്ടി വിട്ടത്. അതോടെ കോണ്‍ഗ്രസിനകത്ത് ആരും ഉണ്ടാവില്ലെന്ന് പ്രതീക്ഷിച്ച സമയമായിരുന്നു. എന്നാല്‍ ലക്ഷക്കണക്കിന് വരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുമിച്ച് നിന്ന് പ്രവര്‍ത്തിച്ചത് കൊണ്ടാണ് പാര്‍ട്ടി തിരിച്ചു വന്നത്. തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയപ്പെട്ടെങ്കിലും രണ്ട് മുന്നണികളും തമ്മില്‍ നേരിയ വോട്ട് വ്യത്യാസം മാത്രമാണ് ഉള്ളത്. കോവിഡ് സാഹചര്യമല്ലായിരുന്നെങ്കില്‍ ഫലം മറിച്ചായേനെയെന്നും അദ്ദേഹം പറയുന്നു.