സിൽവർ ലൈൻ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കല്ലിടുന്നത് സർക്കാരിന് വിദേശവായ്‌പ എടുക്കാനാണ്. ചങ്ങനാശേരി അതിരൂപതയുടെ അഭിപ്രായം സ്വാഗതം ചെയ്യുന്നു. ജനങ്ങളുടെ വികാരമാണ് അതിരൂപത മുന്നോട്ട് വച്ചത്. കെ റെയിലിനെതിരെ സംസ്ഥാനത്ത് സമരം നടത്തുന്നത് ഓരോ പ്രദേശത്തെയും നാട്ടുകാരാണെന്നും അദ്ദേഹം പറഞ്ഞു.
കെ റെയിൽ വിരുദ്ധ സമരത്തെ തീവ്രവാദ സംഘടനകൾ നടത്തുന്ന സമരമെന്ന് അധിക്ഷേപിക്കുന്നത് ശരിയല്ല. അത്തരത്തിൽ തീവ്രവാദ സംഘടനകൾ സമരത്തിന് പിന്നിലുണ്ടെന്ന് പറഞ്ഞ മന്ത്രി പി എ മുഹമ്മദ് റിയാസ് ഏതാണ് ആ തീവ്രവാദ സംഘടനയെന്ന് കൂടി വ്യക്തമാക്കണം. വിദേശ ഫണ്ട് വാങ്ങി അഴിമതി നടത്താൻ വേണ്ടിയാണ് സാമൂഹികാഘാത പഠനത്തിന് എന്ന പേരിൽ ഇടതു സർക്കാർ കെ റെയിൽ കല്ല് സ്ഥാപിക്കുന്നത്. അതിനെ യുഡിഎഫ് പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കെ റെയിൽ വിരുദ്ധ സമരത്തിൽ പങ്കെടുത്ത സിപിഐ നേതാവിനെതിരെ പാർട്ടി നടപടി. പിറവത്ത് സമരത്തിൽ പങ്കെടുത്ത ലോക്കൽ സെക്രട്ടറി തങ്കച്ചനെതിരെയാണ് നടപടി. ഇദ്ദേഹത്തെ ലോക്കൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. പാർട്ടി മേൽക്കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരമാണ് തങ്കച്ചനെതിരായ നടപടി. സമരത്തിൽ പങ്കെടുത്തതിൽ തനിക്ക് തെറ്റുപറ്റിയതായി കെസി തങ്കച്ചൻ പാർട്ടിയോട് രേഖാമൂലം വ്യക്തമാക്കിയിരുന്നു.