Monday, November 18, 2024
HomeNewsKeralaരാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ പൂര്‍ണ്ണ തൃപ്തനാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല

രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ പൂര്‍ണ്ണ തൃപ്തനാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല

രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ പൂര്‍ണ്ണ തൃപ്തനാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല എം.എല്‍.എ. മനസ്സിലുണ്ടായിരുന്ന പ്രയാസങ്ങളും വിഷമങ്ങളും മാറി. ഒരു സ്ഥാനവുമില്ലെങ്കിലും സാധാരണ പ്രവര്‍ത്തകനായി പ്രവര്‍ത്തിക്കാനും സന്നദ്ധനാണ്. കേരളത്തിനാണ് മുന്‍ഗണനയെങ്കിലും പാര്‍ട്ടി ഏല്പിക്കുന്ന ഏതു ചുമതലയും എവിടെയും നിര്‍വഹിക്കാന്‍ തയ്യാറാണെന്നും ചെന്നിത്തല പറഞ്ഞു.

തിരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടപ്പെട്ട ചെന്നിത്തലയെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാക്കുമെന്നും പഞ്ചാബിന്റെയോ മറ്റേതെങ്കിലും സംസ്ഥാനത്തിന്റെയോ ചുമതല നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ടിനിടെയാണ് ചെന്നിത്തല ഇന്ന് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്.

സംസ്ഥാനത്ത് പാര്‍ലമെന്ററി പാര്‍ട്ടി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താനും ഉമ്മന്‍ ചാണ്ടിയും ചില ആശങ്കകള്‍ അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട വിവരങ്ങളും സംസാരിച്ചു. ഞങ്ങള്‍ എന്നും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനൊപ്പം ചേര്‍ന്ന് നിന്നിട്ടുള്ളവരാണ്. നാളെകളിലും അതുതന്നെ തുടരും. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും എടുക്കുന്ന എല്ലാ തീരുമാനങ്ങളും അംഗീകരിക്കും. പുതിയ പ്രതിപക്ഷ നേതാവിനോടും കെ.പി.സി.സി അധ്യക്ഷനോടും പൂര്‍ണ്ണമായും സഹകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട് ഉമ്മന്‍ ചാണ്ടിയുമായി വൈകിട്ട് രാഹുല്‍ഗാന്ധി ഫോണില്‍ സംസാരിക്കും.

ഒരു സ്ഥാനവുമില്ലെങ്കിലും സോണിയ ഗാന്ധിയുടേയും രാഹുല്‍ ഗാന്ധിയുടേയും നേതൃത്വത്തില്‍ ഒരു സാധാരണ പ്രവര്‍ത്തകനെ പോലെ പ്രവര്‍ത്തിക്കും. പാര്‍ട്ടി ധാരാളം സ്ഥാനങ്ങള്‍ നല്‍കിയിട്ടുണ്ട്. അതിന് യോജിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ന് എന്തെങ്കിലുമൊക്കെ ആയിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടി നല്‍കിയതാണ്. സമ്പത്തോ പിന്തുണയയോ ഇല്ലാതെ പാര്‍ട്ടിയില്‍ വന്നയാളാണ് താന്‍.

എല്ലാവരും ഒന്നിച്ച് പോകുന്ന അന്തരീക്ഷം കേരളത്തിലുണ്ടാകും. രാഹുല്‍ ഗാന്ധിക്ക് തന്നോട് ഒരു പ്രശ്‌നവുമില്ല. വലിയ സ്‌നേഹവും ഇഷ്ടവുമാണ്. പാര്‍ട്ടി ഏതു ചുമതല എവിടെ ഏല്പിച്ചാലും നിര്‍വഹിക്കും. മുന്‍ഗണനയുള്ള സ്ഥലം കേരളമാണെന്നും ചെന്നിത്തല പറഞ്ഞു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments