Pravasimalayaly

അദാനിയുമായി വൈദ്യുതി ഇടപാടില്‍ സര്‍ക്കാര്‍ മറ്റൊരു കരാര്‍ കൂടി ഉണ്ടാക്കിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല : ഇടപാട് മുഖ്യമന്ത്രി നേരിട്ടെന്നും ചെന്നിത്തല

അദാനിയുമായി വൈദ്യുതി ഇടപാടില്‍ സര്‍ക്കാര്‍ മറ്റൊരു കരാര്‍ കൂടി ഉണ്ടാക്കിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദാനിയില്‍ നിന്ന് നേരിട്ട് വൈദ്യുതി വാങ്ങാനുള്ള തീരുമാനം വൈദ്യുതി വകുപ്പ് എടുത്തിട്ടുണ്ട്. അദാനിയുമായി ഇതുവരെ ഒരു കരാറും ഉണ്ടാക്കിയിട്ടില്ലെന്ന മന്ത്രി എം.എം മണിയുടെ പ്രസ്താവനയെ കുറിച്ച് ഒന്നും പറയുന്നില്ല. വൈദ്യൂതി മന്ത്രി അറിയാതെ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് വൈദ്യുതി ബോര്‍ഡും അദാനിയും തമ്മിലുള്ള കരാര്‍ ഉറപ്പിച്ചിരിക്കുന്നതെന്നും ചെന്നിത്തല ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അദാനിയില്‍ നിന്ന് നേരിട്ട് വൈദ്യുതി വാങ്ങുന്നതിനുള്ള കരാര്‍ കഴിഞ്ഞ മാസമാണ് ഉണ്ടാക്കിയത്. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് കരാര്‍ ഉറപ്പിച്ചിരിക്കുന്നത്. സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ 15-02-21ല്‍ നടന്ന ഫുൃള്‍ ടൈം ഡയറക്ടര്‍ ബോര്‍ഡിന്റെ യോഗത്തിലെ മിനിട്‌സ് അജണ്ട47ല്‍ അദാനിയില്‍ നിന്ന് നേരിട്ട് വൈദ്യുതി വാങ്ങാനുള്ള തീരുമാനം രേഖപ്പെടുത്തിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

ഏതിലും എന്തിലും അഴിമതി നടത്താനുള്ള സര്‍ക്കാരിന്റെ വൈഭവമാണ് ഇതില്‍ കാണുന്നത്. സംസ്ഥാനത്തെ ജനങ്ങളുടെ പോക്കറ്റടിക്കാനുള്ള ഈ തീരുമാനത്തെ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. വൈദ്യുതി മിച്ച സംസ്ഥാനത്ത് പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ട കാര്യമില്ല. ഈ കരാര്‍ റദ്ദാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സാമ്പത്തികവും രാഷ്ട്രീയവുമായ ലാഭം മുഖ്യമന്ത്രിക്ക് ഈ കരാറിലൂടെ ഉണ്ടായിട്ടുണ്ട്. പിണറായിക്കെതിരെ ഒരു അന്വേഷണവും എവിടെയും എത്താത്തതിന്റെ ഗുട്ടന്‍സ് ഇപ്പോഴാണ് പിടികിട്ടിയത്. മോഡിക്കും പിണറായിക്കും ഇടയിലുള്ള പാലം അദാനിക്കാണ്. അദാനി വഴിയാണ് ഈ കേസുകള്‍ എല്ലാം മുക്കുന്നത്. ഈ ബന്ധം തിരഞ്ഞെടുപ്പില്‍ വോട്ടാക്കി മാറ്റുകയാണ് പിണറായിയുടെ ലക്ഷ്യം.

ആര്‍.പി.ഒയുടെ പേരില്‍ അദാനിയില്‍ നിന്ന് ഉയര്‍ന്ന വിലയ്ക്ക് വൈദ്യൂതി വാങ്ങാനുള്ള തീരുമാനം ആരുടെ താല്‍പര്യപ്രകാരമാണ്. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് ഉറപ്പിച്ച ഈ കരാറില്‍ എത്ര കമ്മീഷന്‍ കിട്ടി. അദാനി-പിണറായി കൂട്ടുകെട്ടാണ് ഇതിലൂടെ തെളിഞ്ഞിരിക്കുന്നത്. ഇരുകൈകൊണ്ടും അദാനിയെ സഹായിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Exit mobile version