Pravasimalayaly

കൂടുതല്‍ ആത്മപരിശോധന നടത്തും; ഒരു പരാജയം കൊണ്ട് ഇല്ലാതാകുന്നതല്ല കോണ്‍ഗ്രസെന്ന് രമേശ് ചെന്നിത്തല

നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ തോല്‍വി ഞെട്ടിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് കൂടുതല്‍ ആത്മപരിശോധന നടത്തും, അതിജീവിക്കും. ഒരു തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ ഇല്ലാതാകുന്നതല്ല കോണ്‍ഗ്രസ് പാര്‍ട്ടിയെന്നും ഇപ്പോളത്തെ പ്രതിസന്ധി പരിഹരിച്ചു പാര്‍ട്ടി തിരിച്ച് വരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വര്‍ക്കിംഗ് കമ്മിറ്റി കൂടി തുടര്‍ന്നടപടി സ്വീകരിക്കും. പാര്‍ട്ടിയെ ഊര്‍ജ്ജസ്വലമാക്കാനുള്ള നടപടി ഉണ്ടാകുമെന്നതിന്റെ സൂചന ലഭിച്ചു തുടങ്ങിയെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

അതിനിടെ, തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ നേതൃമാറ്റ ആവശ്യം ശക്തമാക്കിയിരിക്കുകയാണ് ഗ്രൂപ്പ് 23 നേതാക്കള്‍. ഗാന്ധി കുടംബം മുന്‍പോട്ട് വയക്കുന്ന ഒരു ഫോര്‍മുലയും അംഗീകരിക്കേണ്ടെന്നും ദില്ലിയില്‍ ഗുലാം നബി ആസാദിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ നേതാക്കള്‍ തീരുമാനിച്ചു. എന്നാല്‍ പ്രവര്‍ത്തക സമിതി ചേരുന്നതില്‍ നേതൃത്വം മൗനം തുടരുകയാണ്.

കൂടാതെ കെ സി വേണുഗോപാലിനെതിരെ കണ്ണൂരില്‍ പോസ്റ്ററുകള്‍ പതിച്ചു. ശ്രീകണ്ഠാപുരത്തെ കോണ്‍ഗ്രസ് ഓഫീസിന് മുന്നിലാണ് പോസ്റ്ററുകള്‍ പതിപ്പിച്ചത്. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകള്‍. അഞ്ച് സംസ്ഥാനങ്ങള്‍ വിറ്റ് തുലച്ചതിന് ആശംസകളെന്നാണ് പോസ്റ്ററിലെ വാചകം. പെട്ടി തൂക്കി വേണുഗോപാല്‍ ഒഴിവാകു എന്നും പോസ്റ്ററില്‍ വിമര്‍ശനമുണ്ട്.

Exit mobile version