Pravasimalayaly

കെ സുധാകരനെതിരായ കേസ് അപഹാസ്യമെന്ന് രമേശ് ചെന്നിത്തല

കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനെതിരെ കേസ് എടുത്ത നടപടി അപഹാസ്യമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കെതിരെ ആലങ്കാരികമായ പ്രസ്താവനയാണ് കെ.പി.സി.സി പ്രസിഡന്റ് നടത്തിയത്. പിന്നീട് അദ്ദേഹം അത് പിന്‍വലിക്കുകയും ചെയ്തു. ആ അദ്ധ്യായം അവിടെ അവസാനിക്കേണ്ടതാണെന്നും ചെന്നിത്തല പറഞ്ഞു.

പിണറായി പാര്‍ട്ടി സെക്രട്ടറിയായിരിക്കുമ്പോള്‍ നടത്തിയ പദപ്രയോഗങ്ങള്‍ പൊതു സമൂഹം മറന്നിട്ടില്ല. ആരെ പേടിപ്പിക്കാനാണ് കേസ് എടുത്തത് എന്ന് മനസിലാക്കുന്നില്ല. ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഇത്രത്തോളം അപഹാസ്യനാകരുത്. തൃക്കാക്കര തെരെഞ്ഞെടുപ്പില്‍ സിംബതിനേടാനാണ് ഇതെങ്കില്‍, ഇതുകൊണ്ട് ഉമാ തോമസിന്റെ ഭൂരിപക്ഷം വര്‍ധിക്കുകയേയുള്ളുവെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

പിണറായി വിജയന്‍ ‘ചങ്ങല പൊട്ടിയ നായയെപ്പോലെയാണ് തൃക്കാക്കരയില്‍ ഓടിനടക്കുന്നത്’ എന്നായിരുന്നു സുധാകരന്റെ പരാമര്‍ശം.പിന്നാലെ
ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് നല്‍കിയ പരാതിയില്‍ പാലാരിവട്ടം പൊലീസാണ് കെ.സുധാകരനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തത്. ഐപിസി സെക്ഷന്‍ 153ാം വകുപ്പുപ്രകാരമാണ് കേസെന്നു പൊലീസ് അറിയിച്ചു. ബുധനാഴ്ച വൈകിട്ടു നല്‍കിയ പരാതിയില്‍ പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയശേഷം പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

Exit mobile version