ന്യൂ ഡൽഹി
ഈ സീസണില്‍ രഞ്‌ജി ട്രോഫി ക്രിക്കറ്റ് മത്സരങ്ങള്‍ നടത്തേണ്ടെന്ന തീരുമാനവുമായി ബി.സി.സി.ഐ. ആഭ്യന്തര സീസണില്‍ സയദ് മുഷ്‌താഖ് അലി ട്രോഫിക്കു ശേഷം വിജയ് ഹസാരെ ട്രോഫി നടത്തിയാല്‍ മതിയെന്നാണു ബോര്‍ഡ് തീരുമാനം.
1934-35 സീസണില്‍ ആരംഭിച്ച രഞ്‌ജി ട്രോഫി ചരിത്രത്തില്‍ ആദ്യമായാണ് ഒരു സീസണില്‍ വേണ്ടെന്നു വയ്‌ക്കുന്നത്. പകരമായി പുരുഷ/വനിതാ സീനിയര്‍, അണ്ടര്‍ 19 ഏകദിന മത്സരങ്ങള്‍ നടത്താന്‍ തീരുമാനിച്ചു. കോവിഡ്-19 വൈറസിന്റെ പശ്‌ചാത്തലത്തില്‍ രഞ്‌ജി ട്രോഫി മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ പ്രയാസമാണെന്നു ബി.സി.സി.ഐ. സെക്രട്ടറി ജയ് ഷാ വ്യക്‌തമാക്കി.
സംസ്‌ഥാന അസോസിയേഷനുകള്‍ക്കു നല്‍കിയ സന്ദേശത്തിലാണു ജയ് ഷാ രഞ്‌ജി ട്രോഫി സീസണില്‍നിന്ന് ഒഴിവാക്കിയതായി വ്യക്‌തമാക്കിയത്.
വിജയ് ഹസാരെ ട്രോഫി (ഏകദിനം), വിനു മങ്കാദ് ട്രോഫി (അണ്ടര്‍ 19) എന്നിവ നടത്താനാണ് ബോര്‍ഡ് ലക്ഷ്യമിടുന്നത്. സയദ് മുഷ്‌താഖ് അലി ട്രോഫി ട്വന്റി20 ടൂര്‍ണമെന്റ് വിജയകരമായി സംഘടിപ്പിക്കാന്‍ കഴിഞ്ഞതായി ജയ് ഷാ അവകാശപ്പെട്ടു. ഇംഗ്ലണ്ട് ടീമിന്റെ ഇന്ത്യന്‍ പര്യടനത്തിലാണു ബോര്‍ഡിന്റെ ഇനിയുള്ള ശ്രദ്ധ. ഫെബ്രുവരി അഞ്ച് മുതല്‍ മാര്‍ച്ച് 28 വരെയാണ് ടെസ്‌റ്റ് പരമ്പര.
ചെന്നൈ, അഹമ്മദാബാദ്, പുനെ എന്നിവയാണു വേദികള്‍. ഡിസംബര്‍ 24 നു നടന്ന ബി.സി.സി.ഐയുടെ വാര്‍ഷിക പൊതുയോഗത്തില്‍ രഞ്‌ജി ട്രോഫി ഒഴിവാക്കുന്നതില്‍ ചര്‍ച്ചയുണ്ടായിരുന്നു. ആഭ്യന്തര കലണ്ടറിലെ 86 എഡിഷനുകളിലും രഞ്‌ജി ട്രോഫി സ്‌ഥിര സാന്നിധ്യമായിരുന്നു.
ബി.സി.സി.ഐ. പ്രസിഡന്റും ഇന്ത്യന്‍ ടീം മുന്‍ നായകനുമായ സൗരവ് ഗാംഗുലി രഞ്‌ജി ട്രോഫി സംഘടിപ്പിക്കാന്‍ താല്‍പര്യപ്പെട്ടിരുന്നു. സംസ്‌ഥാന അസോസിയേഷനുകള്‍ താല്‍പര്യക്കുറവ് പ്രകടിപ്പിച്ചതോടെ ഗാംഗുലി പിന്‍വാങ്ങി.