കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനായി ബി. രഞ്ജിത്ത് ചുമതലയേറ്റു. രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമിയിലും, ഗായകൻ എം.ജി. ശ്രീകുമാറിനെ സംഗീത നാടക അക്കാദമിയിലും നിയമിക്കാൻ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നെങ്കിലും സർക്കാർ അനുമതി ലഭിച്ചിരുന്നില്ല. സംവിധായകൻ കമൽ കാലാവധി പൂർത്തിയാക്കുന്ന വേളയിലാണ് രഞ്ജിത്ത് സ്ഥാനമേറ്റത്.
സി.പി.എം. അനുഭാവിയായ രഞ്ജിത്തിനെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോഴിക്കോട് നോർത്ത് നിയമസഭാ മണ്ഡലത്തിലെ പാർട്ടി സ്ഥാനാർത്ഥിയായി നേരത്തെ പരിഗണിച്ചിരുന്നു.
വ്യാഴാഴ്ചയാണ് രഞ്ജിത്തിന്റെ സ്ഥിരീകരണം വന്നതെങ്കിലും എം.ജി. ശ്രീകുമാറിന്റെ കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. ബി.ജെ.പി. അനുഭാവിയാണെന്ന് പറഞ്ഞ് ശ്രീകുമാറിന്റെ നിയമനത്തിനെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം നടന്നിരുന്നു. സാഹിത്യ അക്കാദമി ഉൾപ്പടെയുള്ള മറ്റ് സാംസ്കാരിക സ്ഥാപനങ്ങളിലെ മാറ്റം സംബന്ധിച്ച് വരും ദിവസങ്ങളിൽ തീരുമാനമുണ്ടാകും.