നടിയെ പീഡിപ്പിച്ച കേസിൽ വിദേശത്ത് ഒളിവിൽ കഴിയുന്ന വിജയ്ബാബു നാട്ടിലേക്കു മടങ്ങുന്ന കാര്യത്തിൽ അവ്യക്തത. മുൻകൂർ ജാമ്യ ഹർജിക്കൊപ്പം പ്രതിഭാഗം ഹാജരാക്കിയ വിമാനടിക്കറ്റ് പ്രകാരം വിജയ് ബാബു ഇന്നാണു മടങ്ങിയെത്തേണ്ടത്.
എന്നാൽ മുൻകൂർ ജാമ്യം ലഭിക്കാനുള്ള തന്ത്രമാണു വിമാനടിക്കറ്റെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച രഹസ്യ വിവരം. പാസ്‌പോർട്ട് റദ്ദാക്കപ്പെട്ടതിനു പുറമേ വിജയ്ബാബുവിനെതിരെ മജിസ്‌ട്രേട്ട് കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് നിലവിലുണ്ട്. ഈ സാഹചര്യത്തിൽ വിജയ്ബാബുവിനെ വിമാനത്താവളത്തിൽ വച്ചു തന്നെ പൊലീസിന് അറസ്റ്റ് ചെയ്യാൻ നിയമതടസ്സമില്ല.
നടിയുടെ അമ്മയെ ഭീഷണിപ്പെടുത്തി, പരാതിക്കാരിയായ നടിയുടെ പേര് വെളിപ്പെടുത്തി എന്നീ കാര്യങ്ങൾ പ്രോസിക്യൂഷനും ഉന്നയിച്ചു. കുറ്റവാളിയെ കൈമാറാൻ ഇന്ത്യയുമായി ഉടമ്പടിയുള്ള രാജ്യമല്ലേ യുഎഇ എന്ന് വാദത്തിനിടെ കോടതി ചോദിച്ചു.