Pravasimalayaly

​ഗുജറാത്ത് കലാപം; ആര്‍ബി ശ്രീകുമാറിന് ഇടക്കാല ജാമ്യം

അഹമ്മദാബാദ്; ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട് കൃത്രിമ തെളിവ് നിര്‍മിച്ചെന്ന ആരോപണത്തില്‍ അറസ്റ്റിലായ മുന്‍ ഡിജിപി ആര്‍ബി ശ്രീകുമാറിന് ഇടക്കാല ജാമ്യം. കേസ് ഇനി പരിഗണിക്കുന്ന നവംബര്‍ 15 വരെയാണ് ജാമ്യം. ​ഗുജറാത്ത് ഹൈക്കോടതിയാണ് ശ്രീകുമാറിന് ഇടക്കാല ജാമ്യം അനുവദിച്ചത്. ജാമ്യോപാധികള്‍ തീരുമാനിക്കാന്‍ അഹമ്മദാബാദ് സെഷന്‍സ് കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജസ്റ്റിസ് ഇലേഷ് ജെ. വോറയാണ് കേസ് പരിഗണിച്ചത്. കേസിൽ അറസ്റ്റിലായ ആക്ടിവിസ്റ്റ് തീസ്ത സെതൽവാദിന് സുപ്രീംകോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. 

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ തെളിവുകളുണ്ടാക്കി നരേന്ദ്ര മോദി അടക്കമുള്ളവർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചെന്നാണ് ശ്രീകുമാർ അടക്കമുള്ള പ്രതികൾക്കെതിരായ കുറ്റം. ജൂൺ 25 ന് അഹമ്മദാബാദിൽ വച്ചാണ് ശ്രീകുമാറിനെ ഗുജറാത്ത് പൊലീസിലെ എടിഎസ് അറസ്റ്റ് ചെയ്തത്. ഗുജറാത്ത് കലാപക്കേസിൽ മോദിയടക്കമുള്ളവർക്ക് പങ്കില്ലെന്ന എസ്ഐടി കണ്ടെത്തൽ സുപ്രീംകോടതി ശരിവച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്. കേസിൽ വ്യാജ ആരോപണങ്ങളും തെളിവുകളുമുണ്ടാക്കിയവർക്കെതിരെ ഉചിതമായ നിയമനടപടിയാവാമെന്ന കോടതി നിർദ്ദേശത്തിന് പിന്നാലെയാണ് നടപടിയുണ്ടായത്.

ശ്രീകുമാറും ടീസ്റ്റ് സെതല്‍വാദും മുന്‍ ഐപിഎസ് ഓഫീസറായ സഞ്ജീവ് ഭട്ടും സാക്കിയ ജാഫ്രി മുഖേന നിരവധി ഹര്‍ജികള്‍ കോടതിയില്‍ സമര്‍പ്പിക്കുകയും എസ്ഐടി മേധാവിക്കും മറ്റുള്ളവര്‍ക്കുമെതിരെ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നുമാണ് അന്വേഷണം സംഘം പറയുന്നത്. കലാപ സമയത്ത് ശ്രീകുമാര്‍ ഗുജറാത്ത് എഡിജിപിയായിരുന്നു. ഗോധ്രാ സംഭവ സമയത്ത് സായുധ സേനാ തലവനുമായിരുന്ന അദ്ദേഹം കലാപം ഗുജറാത്ത് സര്‍ക്കാരിന്റെ അറിവോയടെയാണെന്ന നിലപാടില്‍ ഉറച്ച നിന്ന ഉദ്യോഗസ്ഥനാണ്. 

Exit mobile version