റഷ്യൻ സൈനിക നടപടിയെ തുടർന്ന് യുക്രൈനിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരിൽ ആദ്യ സംഘത്തെ ഇന്ന് നാട്ടിലേക്ക് തിരിച്ചെത്തിക്കും. വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവരാണ് ആദ്യ സംഘത്തിലുള്ളത്. ഇന്ന് ഉച്ചയോടെ ഇവർ ഇന്ത്യയിലേക്ക് തിരിച്ചെത്തും. തിരിച്ചെത്തുന്നവരിൽ 17 പേർ മലയാളികളാണ്. രക്ഷാദൗത്യത്തിനായി കൂടുതൽ വിമാനങ്ങളെ ഇന്ന് അയക്കും.
ബുക്കോവിനയിൽ നിന്നുള്ള മെഡിക്കൽ വിദ്യാർത്ഥികളെ ബസ് മാർഗമാണ് റുമാനിയയിൽ എത്തിച്ചത്. 470 വിദ്യാർത്ഥികളെ ഇവിടെ നിന്ന് രണ്ട് വിമാനങ്ങളിലായാവും നാട്ടിലേക്ക് കൊണ്ടുവരിക. യുക്രൈനിൽ നിന്നുള്ള 1500 ഇന്ത്യക്കാര്‍ അതിര്‍ത്തി രാജ്യങ്ങളിലെത്തി. ഇവരെ ഇന്ന് ഡല്‍ഹിയിലും മുംബൈയിലുമെത്തിക്കാനാണ് ശ്രമം.
യുക്രെയ്നിലെ വിമാനത്താവളങ്ങൾ അടച്ചതിനാൽ അയൽ രാജ്യങ്ങളിലൂടെ രക്ഷാപ്രവർത്തനം നടത്താനാണ് തീരുമാനം. ഈ സാഹചര്യത്തിൽ നാലുരാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി കേന്ദ്രമന്ത്രി എസ്.ജയശങ്കര്‍ സംസാരിച്ചു. എംബസിയെ ബന്ധപ്പെട്ടാല്‍ അതിര്‍ത്തിയിലത്താനുള്ള എല്ലാ സഹായവും ലഭിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 18,000 പേരാണ് യുക്രൈനില്‍ കുടുങ്ങി കിടക്കുന്നത്.