സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലും സംവരണം 58 ശതമാനമാക്കി ഉയര്‍ത്തിയ ഛത്തിസ്ഗഢ് സര്‍ക്കാരിന്റെ തീരുമാനം ഹൈക്കോടതി റദ്ദാക്കി. സംവരണം അന്‍പതു ശതമാനത്തിനു മുകളിലാവുന്നത് ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി വ്യക്തമാക്കി.ബിജെപി ഭരണത്തിലിരുന്ന സമയത്ത്, 2012ലാണ് ഛത്തിസ്ഗഢില്‍ സംവരണ പരിധി ഉയര്‍ത്തിയത്. ഇതിനെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജികളിലാണ് ചീഫ് ജസ്റ്റിസ് അരൂപ് കുമാറും ജസ്റ്റിസ് പിപി സാഹുവും അടങ്ങിയ ബെഞ്ചിന്റെ വിധി.
2012ല്‍ വരുത്തിയ ഭേദഗതി പ്രകാരം പട്ടിക ജാതിക്കാരുടെ സവരണം നാലു ശതമാനം കുറച്ച് 12 ആക്കി, പട്ടിക വര്‍ഗക്കാരുടെ സംവരണം 12 ശതമാനം വര്‍ധിപ്പിച്ച് 32ലേക്ക് ഉയര്‍ത്തി. ഇതിനോടൊപ്പം പതിനാലു ശതമാനം ഒബിസി സംവരണം കൂടി ആയതോടെ ആകെ സംവരണം 58 ശതമാനമായി.
സര്‍ക്കാര്‍ നടപടിക്കെതിരെ ഗുരു ഘസിദാസ് സാഹിത്യ സമിതി ഉള്‍പ്പെടെ ഒട്ടേറെ സംഘടനകളും വ്യക്തികളും കോടതിയെ സമീപിച്ചു. ജുലൈയില്‍ വാദം പൂര്‍ത്തിയായ കേസില്‍ ഇന്നലെയാണ് വിധി പറഞ്ഞത്.സംവരണം അന്‍പതു ശതമാനത്തിനു മുകളില്‍ ഉയര്‍ത്തിയ നടപടി ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യതയുടെ ലംഘനമാണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു.