തലസ്ഥാനത്തെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലെ ഏറ്റവും മുന്‍പന്തിയില്‍ നില്ക്കുന്ന ഒരു വൈദീകനുണ്ട്. റവ. ഡോ. സോണി മുണ്ടുനടയ്ക്കള്‍. സോണി അച്ചനെ സംബന്ധിച്ച് ദീപിക ദിനപത്രത്തിന്റെ സന്‍ഡേ ദീപികയില്‍ വന്ന ഫീച്ചര്‍ പ്രവാസി മലയാളി വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നു .
പോലീസിനിടയില്‍ എന്തേ ഈ വൈദീകനു കാര്യം?. എന്നാല്‍ ആ ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല. ഈ വൈദീകനു പോലീസിനിടയിലും അല്പം കാര്യമുണ്ട്. പോലീസ് ചെയ്യുന്ന നന്മയ്്ക്ക് താങ്ങായി മാറുന്ന ഒരു വൈദീകനുണ്ട് തലസ്ഥാന നഗരിയില്‍. റവ.ഡോ. സോണി മുണ്ടുനടയ്ക്കല്‍ .അതിരാവിലെ തിരുമല തിരുക്കുടുംബ ദൈവാലയത്തിലെത്തിയാല്‍ ഈ വൈദീകന്‍ അള്‍ത്താരയില്‍ ദിവ്യബലി അര്‍പ്പിക്കുന്നുണ്ടാവും. മണിക്കൂറുകള്‍ കഴിഞ്ഞാല്‍ സോണിയച്ചനെ കാണുന്നത് പാചകപ്പുരയില്‍. ആരോരുമില്ലാതെ തെരുവില്‍ അലയുന്നവര്‍ക്കും മെഡിക്കല്‍ കോളജിലും റീജിയണല്‍ കാന്‍സര്‍ സെന്ററിലും ചികിത്സയ്ക്കായി എത്തുന്നവര്‍ക്കും ഭക്ഷണം തയാറാക്കാന്‍. തുടര്‍ന്ന് ഉച്ചയോടെ മെഡിക്കല്‍ കോളജിനു മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന പോലീസ് വാഹനത്തില്‍ നിന്നും ഭക്ഷണം വിതരണം ചെയ്യുന്നതും ഈ വൈദീകനും സംഘവും. റവ. ഡോ. സോണി മുണ്ടുനടയ്ക്കല്‍. ചങ്ങനാശേരി അതിരൂപതയുടെ തലസ്ഥാന നഗരിയിലെ ജീവകാരുണ്യമുഖം.
ലോക്ഡൗണ്‍ കാലത്ത് കേരളാ പോലീസിന്റെയും ഐ.ജി പി.വിജയന്‍ ഐപിഎസിന്റെ നേതൃത്വത്തിലുള്ള നന്മ ഫൗണ്ടേഷന്റെയും ഒപ്പം പ്രവൃത്തിച്ച് ആയിരക്കണക്കിന് ആളുകള്‍ക്ക് അന്നവും ആശ്വാസവുമായി മാറി.
2005 മുതല്‍ തലസ്ഥാന നഗരിയില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി തന്റെ ജീവിതത്തിന്റെ സിംഹഭാഗവും നീക്കിവെക്കുന്ന ഈ വൈദീകന്‍ ലോക്ഡൗണ്‍ സമയത്ത് ഭക്ഷണവും മരുന്നും പാവങ്ങള്‍ക്ക് എത്തിച്ചുനല്കുന്നതിനായി തന്നെ പൂര്‍ണസമയവും ചിലവഴിച്ചു.
ഇനി സോണിയച്ചന്റെ തന്നെ വാക്കുകളിലേക്ക്
2020 മാര്‍ച്ച് അവസാന ആഴ്ച. ജനതാ കര്‍ഫ്യു പ്രഖ്യാപനം. ജനതാ കര്‍ഫ്യു എന്നാല്‍ എന്താണെന്നു പോലും അറിയാത്ത സമയം. മാര്‍ച്ച് 25 മുതല്‍ ഭാരതം മുഴുവന്‍ ലോക്ഡൗണിലേക്ക്. നില്ക്കുന്ന സ്ഥലത്തു നിന്നും ഒരാള്‍ക്കും മറ്റൊരിടത്തേയ്ക്ക് മാറാന്‍ കഴിയാത്ത സാഹചര്യം. ഒരിക്കലും കാണാത്തതും കേള്‍ക്കാത്തതുമായ സാഹചര്യം നേരില്‍ കാണുന്നു. വാഹനങ്ങള്‍ ചീറിപാഞ്ഞു പൊയ്‌ക്കൊണ്ടിരുന്ന പിഎംജി റോഡ് നിശ്ചലം. ലോക് ഡൗണ്‍ ആരംഭിച്ച ദിനം വിശ്വാസ സമൂഹത്തെ സാക്ഷിയാക്കാതെ ഒറ്റയ്ക്ക് കുര്‍ബാന അര്‍പ്പിച്ച് പള്ളിയില്‍ നിന്നു പുറത്തേ്ക്ക് ഇറങ്ങി. ലൂര്‍ദ ഫൊറോനാ പള്ളിയുടെ നടവാതിക്കല്‍ നിന്നു റോഡിലേക്ക് നോക്കി. നിരത്ത് ഒറ്റപ്പൈട്ട സ്ഥിതിയില്‍.. റോഡിന്റെ അങ്ങേ വശത്ത് ഒരു യാചകന്‍ കുനിഞ്ഞിരിക്കുന്നു. റേഡ് മുറിച്ച് കടന്ന് അദ്ദേഹത്തിന്റെ അടുത്തെത്തി ഭക്ഷണം വല്ലോം കഴിച്ചോ എന്നു ചോദിച്ചു, എന്നാല്‍ മറുപടിയില്ല. തിരികെ പള്ളിമുറിയിലെത്തി ഒരു കുപ്പിവെള്ളവും പഴവും എടുത്ത് ആ യാചകനു നല്കി. ആര്‍ത്തിയോടെ ആ ഭക്ഷണം കഴിക്കുന്നതു കണ്ടു. അപ്പോള്‍ കണ്ണില്‍ ഈറനണിഞ്ഞു. നഗരത്തിനുള്ളില്‍ നിരവധിപ്പേര്‍ ഇത്തരത്തില്‍ ലോക്ഡൗണില്‍ കുടങ്ങി ഭക്ഷണം ലഭിക്കുന്നില്ല എന്ന ചിന്ത മനസിനെ വല്ലാതെ വിഷമിപ്പിച്ചു. ഇതിന് എന്തെങ്കിലും ഒരു പരിഹാരം അടിയന്തിരമായി കണ്ടെത്തണം. ഒറ്റയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. സന്നദ്ധ സംഘടനകള്‍ക്കു പോലും പുറത്തിറങ്ങി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യം. അപ്പോഴാണ് ഐ.ജി വിജയന്‍ സാറിനെ വിളിക്കാന്‍ മനസില്‍ തോന്നിയത്. അത് ഒരു ദൈവനിശ്ചയമായിരുന്നു. വിജയന്‍ സാറിനോടു കാര്യം പറഞ്ഞപ്പോള്‍ നന്മനിറഞ്ഞ മറുപടിയും ലഭിച്ചു. ‘ഒരു വയറൂട്ടാം ഒരു വിശപ്പടക്കാം’ എന്ന പദ്ധതിയിലൂടെ നഗരത്തില്‍ അകപ്പെട്ടുപോയ എല്ലാവര്‍ക്കും ഭക്ഷണമെത്താക്കാനുള്ള തുടക്കം ഇവിടെ നിന്നായിരുന്നു.
പുത്തരിക്കണ്ടം മൈതാനത്തും മെഡിക്കല്‍ കോളജിന്റെ മുന്നിലെ റോഡിലുമെല്ലാം കാത്തു നിന്നവര്‍ക്ക് ഭക്ഷണം നല്കുമ്പോള്‍ അവരുടെ മുഖത്തു തെളിയുന്ന സന്തോഷത്തോളം മറ്റൊന്നും ജീവിതത്തില്‍ ലഭിക്കാനില്ല. പ്രതിദിനം 3000 ത്തോളം ആളുകള്‍ക്കാണ് ഒന്നാം ലോക് ഡൗണ്‍ സമയത്ത് മൂന്നു മാസം മൂന്നു നേരം ഭക്ഷണം എത്തിച്ചു നല്കിയത്. ഇതു മൂലം ആദ്യ ലോക്ഡൗണില്‍ തലസ്ഥാന നഗരയില്‍ ആരും പട്ടിണിക്ക് കിടക്കേണ്ടിവന്നില്ല.
അള്‍ത്താരയില്‍ നിന്നും അശരണര്‍ക്കിടയിലേക്ക് ഓടിയെത്തി അവര്‍ക്ക് സഹായം നല്കുന്നതില്‍ ലഭിക്കുന്ന സംതൃപ്തി ഏറെയാണ്. ഒന്നാം ലോക്ഡൗണ്‍ കാലത്ത് മെഡിക്കല്‍ കോളജിനു സമീപത്ത് ഭക്ഷണം എത്തിക്കുമ്പോള്‍ അതു വാങ്ങാനായി എല്ലാ ദിവസവുമെത്തിയിരുന്ന ഒരു അപ്പച്ചന്റെ ചിത്രം മനസില്‍ പതിഞ്ഞു.
മരച്ചുവട്ടില്‍ വിശ്രമിക്കുന്ന അപ്പച്ചന്‍ ആഹാരം കൈയില്‍ കൊടുത്താല്‍ തിരിച്ച് കൈ ഉയര്‍ത്തി അനുഗ്രഹിക്കുമായിരുന്നു.. 80 വയസോളം പ്രായമായ ആദ്ദേഹത്തോട് മൂന്നാമത്തെ മാസം പദ്ധതി നിര്‍ത്തുന്ന കാര്യം പറഞ്ഞപ്പോള്‍ എന്തോ ആലോചിച്ച് ഇരിക്കുന്നപോലെ. വാഹനത്തില്‍ കയറിപ്പോകാന്‍ നേരത്ത് ആ അപ്പച്ചന്‍ ഒന്നു കൂടി നോക്കി ആദ്യമായി ഒന്നു പുഞ്ചിരിച്ചു. അത് നല്കുന്ന ആത്മസംതൃപ്തിക്ക് തുല്യമായ വേറെ ഒന്നുമില്ല
കാക്കിയിട്ട പോലീസുകാര്‍ക്കൊപ്പം ളോഹയിട്ട ഒരു വൈദീകനെ കാണുന്നത് പലപ്പോഴും ആശ്ചര്യത്തോടെയാണ് ആളുകള്‍ വീക്ഷിച്ചത്.
2005-ല്‍ ദൈവീക വേലയ്ക്കായി തലസ്ഥാന നഗരിയില്‍ എത്തിയപ്പോള്‍ പല കാര്യങ്ങളും കാണുമ്പോള്‍ ആശ്ചര്യം തോന്നി. വടക്കന്‍ കേരളത്തിലും മധ്യകേരളത്തില്‍ നിന്നും ആര്‍സിസിയിലേക്ക് എത്തുന്ന നിരവധി ആളുകള്‍ എതെങ്കിലും തരത്തിലുള്ള സഹായത്തിനായി ബന്ധപ്പെടുന്ന കാലം. ഈ സമയത്ത് മെഡിക്കല്‍ കോളജ്, ആര്‍സിസി, ശ്രീചിത്ര തുടങ്ങിയ ആശുപത്രികളില്‍ എല്ലാ ദിവസവും കയറി ഇറങ്ങുന്ന സ്ഥിതിയും. മെഡിക്കല്‍ കോളജിന്റെ സമീപ മേഖലയിലെ ദുരിതംഅനുഭവിക്കുന്ന നിരവധി കുടുംബങ്ങളുടെ നേര്‍ കാഴ്ച്ച കാണാന്‍ കഴിഞ്ഞു. ഇവരെ ഏതെങ്കിലും വിധത്തില്‍ സഹായിക്കണമന്ന ആശയും ഉദിച്ചു. അവിടെ തുടങ്ങി തലസ്ഥാനത്തെ സേവനങ്ങള്‍. സാധാരണക്കാരില്‍ സാധാരണക്കാരായവരുടെ അവസ്ഥ കൃത്യമായി നേരിട്ട് മനസിലാക്കുന്നതിനായി കേരളാ പോലീസും കൂട്ടായി. ജനമൈത്രി പോലീസിന്റെ ബീറ്റ് യോഗങ്ങളില്‍ പോയി. 10000 അധികം വീടുകളുടെ അവസ്ഥകള്‍ മനസിലാക്കി അവരില്‍ ഏറ്റവും പിന്നോക്കം നില്ക്കുന്നവര്‍ക്ക് ഭക്ഷണവും മരുന്നും ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിച്ചു. സുമനസുകള്‍ തരുന്ന സഹായങ്ങളാണ് ഇതിനു ഏറ്റവുമധികം മുതല്‍ക്കൂട്ട്. എല്ലാ മാസവും ജനമൈത്രിപ്പോലീസ് നല്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്തരം കുടുംബങ്ങളെ സഹായിച്ചത്. 75 കുടുംബങ്ങള്‍ക്കാണ് തുടക്കത്തില്‍ ഈ സഹായം നല്കിയത്. തുടര്‍ന്ന് എണ്ണം വര്‍ധിപ്പിച്ചു. ആര്‍സിസിയില്‍ കാന്‍സര്‍ രോഗം മൂര്‍ച്ഛിച്ച് മരണമടയുന്ന പലരുടേയും മൃതദേഹങ്ങള്‍ സ്വന്തം നാട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിയാതെ വന്നപ്പോള്‍ അവര്‍ക്കു സഹായ ഹസ്തമായി സോണിയച്ചന്‍ ഉണ്ടായിരുന്നു. ലൂര്‍ദ്ദ്മാതാ കെയറിന്റെ നേതൃത്വത്തിലായിരുന്നു ഈ സഹായ പദ്ധതികള്‍
ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്തയായിരുന്ന മാര്‍ ജോസഫ് പവ്വത്തില്‍ പിതാവിന്റെ വലിയ കരുതല്‍ മൂലമാണ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തേയ്ക്കുളള കടന്നുവരവ്. വൈദീക വിദ്യാര്‍ഥിയാകാന്‍ സെമിനാരിയിലെത്തി മാസങ്ങള്‍ക്കുള്ളില്‍ രോഗം മൂലം സെമിനാരിയില്‍ നിന്നം വീട്ടിലേക്ക് പോകേണ്ടി വന്നിട്ടും തിരികെ സെമിനാരിയിലേക്ക് എത്താനും വൈദീകനാകാനും ഭാഗ്യം ലഭിച്ചത് പവ്വത്തില്‍ പിതാവിന്റെ സ്‌നേഹവും അനുഗ്രഹവും മൂലമാണ്. പവ്വത്തില്‍ പിതാവിന്റെ കല്പനപ്രകാരമാണ് തലസ്ഥാനത്തേയ്ക്ക് എത്തിയത്. അതിനുശേഷം അതിരൂപതാ മെത്രാപ്പോലീത്താ മാര്‍ ജോസഫ് പെരുന്തോട്ടം പിതാവിന്റെ എല്ലാ പിന്തുണയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനമായി. . ലൂര്‍ദ് മാതാ കെയര്‍ എന്ന പ്രോജക്്ട് നേരിട്ട് എല്പിച്ചു. അച്ചന്‍ തുടക്കമിട്ട ഈ പദ്ധതിയ്ക്കായി ഒരു ആസ്ഥാനം തന്നെ സ്ഥാപിക്കണമെന്ന ഉപദേശവും പെരുന്തോട്ടം പിതാവ് നല്കി. ആ വാക്കുകള്‍ പ്രചോദനമായി 20 സെന്റ് സ്ഥലവും വാങ്ങി ലൂര്‍ദ്മാതാ കെയറിന്റെ നിര്‍മാണവും ആരംഭിച്ചു. കോട്ടയത്തേയ്ക്ക് സ്ഥലംമാറി ചെറിയ ഇടവേളയ്ക്ക് ശേഷം 2019 -ല്‍ തലസ്ഥാനത്തേയ്ക്ക് വീണ്ടും തിരികെ എത്തിയപ്പോള്‍ അതിരൂപതാ സഹായമെത്രാന്‍ തോമസ് തറയില്‍ പിതാവും ഏറെ വാത്സല്യത്തോടെ താങ്ങായി ബലമായി സഹായവും കരുതലും നല്കുന്നു. പിതാവിന്റെ സഹായത്തോടെ നിരവധി പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍ പള്ളികളില്‍ സ്ഥാപിച്ചു..
പ്രോജക്ട് ഹോപ്പിന്റെയും ഭാഗം
10-ാം ക്ലാസില്‍ തോറ്റ വിദ്യാര്‍ഥികളെ കണ്ടെത്തി അവര്‍ക്ക് സ്‌പെഷല്‍ ക്ലാസുകള്‍ സംഘടിപ്പിച്ച് അവരെ വീണ്ടും പരീക്ഷ എഴുതിക്കുന്ന പോലീസിന്റെ പ്രോജക്ടാണ് ഹോപ്പ് പദ്ധതി. ആ പദ്ധതിയുടെ ഭാഗമായും പ്രവര്‍ത്തിച്ചു. ഫാ. സോണി മുണ്ടുനടയ്ക്കല്‍ എന്ന വൈദീകനെ തലസ്ഥാനത്തെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം നല്കിയത് തിരുവനന്തപുരം മെഡിക്കല്‍ കോളജ് പോലീസ് സ്‌റ്റേഷനാണ്. മെഡിക്കല്‍ കോളജിനു സമീപത്ത് നടന്ന കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കെല്ലാം മെഡിക്കല്‍ കോളജ് പോലീസ് പൂര്‍ണ പിന്തുണ കൂടി നല്കിയതോടെ ഏറെ വിജയകരമാക്കാന്‍ സാധിച്ചു. പകല്‍ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാനയ്ക്കും ലൂര്‍ദ് പള്ളിയിലെ എല്ലാ ശുശ്രൂഷകള്‍ക്കും ശേഷം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സമയം കണ്ടെത്തി. മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ രോഗികളെ സന്ദര്‍ശിക്കുന്നതിനു തുടക്കമിട്ടു. രോഗികളുടെ അവസ്ഥ നേരില്‍ കണ്ടതോടെ അവരെ എങ്ങിനേയും സഹായിക്കണമെന്ന ആഗ്രഹം മനസിലുദിച്ചു. ഇതേ തുടര്‍ന്ന് 2005 മുതല്‍ ആര്‍സിസി, മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും എല്ലാ സഹായവുമായി എത്തി. ആദ്യസഹായമെന്നത് അവര്‍ക്ക് ഭക്ഷണം എത്തിച്ചുകൊടുക്കുക എന്നതായിരുന്നു. . മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്ന എയ്ഡ്‌സ് രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മൂന്നു നേരം ഭക്ഷണം എത്തിക്കാന്‍ കഴിഞ്ഞു. ഇതിനു താങ്ങായി നിന്നത് ലൂര്‍ദ് മാതാ കെയറും ചങ്ങനാശേരി അതി രൂപതയും.
തലസ്ഥാനത്തെ 12 വര്‍ഷ ശുശ്രൂഷയ്ക്ക് ശേഷം കോട്ടയം ജില്ലയിലെ പുന്നത്തുറ ഇടവകയിലേക്ക് പോയെങ്കിലും സോണിയച്ചനിലെ ജീവകാരുണ്യപ്രവര്‍ത്തനം കൂടുതല്‍ സജ്ജീവമായി തന്നെ നിലകൊണ്ടു. കേരളാ പോലീസിന്റെ തന്നെ സഹകരണത്തോട കോട്ടയം മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് ‘അലിവ്’ എന്ന പദ്ധതി നടപ്പാക്കി. പുന്നത്തുറ പള്ളിയിലെ വിശ്വാസികളുടെ സഹകരണത്തോടെ പള്ളിയങ്കണത്തില്‍ ഭക്ഷണം തയാറാക്കി എല്ലാ വെള്ളിയാഴ്ച്ചകളിലും കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ച് രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും വിതരണം ചെയ്തു. പോലീസ് വാഹനം എത്തി ഭക്ഷണം ആശുപത്രിയിലേക്ക് കൊണ്ടുപോകും. ‘സ്‌നേഹത്തിന്റെ പൊതിച്ചോര്‍’ എന്ന പദ്ധതിയും നടപ്പാക്കി. കോട്ടയത്തുള്ള ഓര്‍ഫനേജുകളിലേക്ക് എല്ലാ ഞായറാഴ്ച്ചയും പൊതിച്ചോര്‍ എത്തിച്ചു നല്കുന്ന പദ്ധതിയായിരുന്നു ഇത്. ഇടവകാംഗങ്ങള്‍ വീടുകളില്‍ നിന്നും പൊതിച്ചോര്‍ പള്ളിയില്‍ എത്തിക്കും. അവ ഒരുമിച്ച് ബാലികാഭവനുകളില്‍ എത്തിച്ച് അവിടുത്തെ കുരുന്നുകള്‍ക്ക് നല്കുമ്പോള്‍ ലഭിക്കുന്ന ആ സന്തോഷത്തിനു തുല്യമായ മറ്റൊന്നുമില്ലെന്നു സോണിയച്ചന്‍ തന്നെ സാക്ഷ്യപ്പെടുത്തി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കുടമാളൂര്‍ അല്‍ഫോന്‍സാ അഗതി മന്ദിരത്തില്‍ 25 പൊതിച്ചോര്‍ നല്കിയാണ് ഇത്തരം ഒരു പദ്ധതിക്കു തന്നെ തുടക്കമിട്ടത്. നാല്പാത്തിമലയിലും, അതിരമ്പുഴയിലുമെല്ലാം സേവനം അനുഷ്ടിച്ചപ്പോഴും ജീവകാരുണ്യപ്രവര്‍ത്തനത്തിന് ഒരു മുടക്കവും വരുത്തിയില്ല. തലസ്ഥാനത്ത് തിരുവല്ലം, കണ്ണമൂല, പോങ്ങമൂട്, കേശവദാസപുരം , കഴക്കൂട്ടം യൂത്ത് സെന്റര്‍ എന്നിവിടങ്ങളിലെല്ലാം ഇടവക വികാരിയായി സേവനം ചെയ്യുമ്പോഴും ജീവകാരുണ്യപ്രവര്‍ത്തനം മാര്‍ഗദീപമായിരുന്നു. ഇപ്പോള്‍ സേവനം അനുഷ്ടിക്കുന്ന തിരുമല തിരുക്കുടംബദേവാലത്തിലും നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.പള്ളി അങ്കണത്തില്‍ ആഹാരം പാകം ചെയ്ത് കെയര്‍ഹോമുകളില്‍ നല്കുന്ന ‘അലിവ്’ എന്ന പദ്ധതി.
കനിവിന്റെ ശുശ്രൂഷ എന്നത് യുവജനങ്ങള്‍ മാസത്തില്‍ ഒരു ദിനം ആഹാരം തയാറാക്കി കെയര്‍ഹോമുകളിലേക്ക് എത്തിക്കുന്നു.
സമൃദ്ധി എന്ന പദ്ധതി വീടുകളില്‍ നിന്നും സാധനങ്ങള്‍ ശേഖരിച്ച് ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്കുന്നു തിരുമലയിയെ ദൈവജനം ഒന്നാകെ ലോക്ഡൗണ്‍ കാലഘട്ടത്തില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. ‘ആദരവ’് എന്ന ശുശ്രൂഷ വ്യത്യസ്തമായ ജീവകാരുണ പ്രവര്‍ത്തനം നടത്തി. കോര്‍പ്പറേഷന്‍ പരിധിയില്‍ തിരുമല ഭഭാഗത്തുള്ള ശുചീകരണ തൊഴിലാളികള്‍ക്ക് ബൂട്ട്‌സ, ് ഗ്ലൗസ്, മാസ്‌ക്‌സ ഷീല്‍ഡ് ,സാനിറ്റൈസര്‍ ഉള്‍പ്പെടെയനല്കുകയും പള്ളി അങ്കണത്തില്‍ വിളിച്ച് ആദരിക്കുകയും ചെയ്്തു. ഹോമിയോകോളജില്‍ നിന്ന് പ്രതിരോധ മരുന്ന് വീടുകളില്‍ എത്തിച്ചു.
കോവിഡ് കാലത്ത് സംസ്ഥാനത്ത് നിരവധി കുഞ്ഞുങ്ങള്‍ മരണമടഞ്ഞപ്പോള്‍ പുഞ്ചിരി എന്ന കൗണ്‍സിലിംഗ് പദ്ധതിയും തിരുമലപ്പള്ളിയില്‍ ആരംഭിച്ചു.
.
കോവിഡ് കാലത്ത് മെഡിക്കല്‍ കോളജില്‍ മരണമടഞ്ഞ നിരവധിപ്പേരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാനായി ശാന്തികവാടത്തില്‍ കാര്‍മികനായി എത്തി. പിപിഇ കിറ്റുമണിഞ്ഞ് കോവിഡ് രോഗികളുടെ വീടുകളിലെത്തി അവര്‍ക്ക് വേണ്ട ആഹാരങ്ങളും മരുന്നും നല്കുന്നതിനായി സോണിയച്ചനു ഒരു മടിയുമില്ല. 2003 ഡിസംബര്‍ 26 ന് ചങ്ങനാശേരി ഇത്തിത്താനം സെന്റ് മേരീസ് പള്ളിയില്‍ വെച്ച് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ പിതാവാണ് വൈദീകനായി അഭിഷിക്തനാക്കിയത്. ഇത്തിത്താനം മുണ്ടുനടയ്ക്കല്‍ എം.ഐ അഗസ്റ്റിന്റെയും റോസമ്മയുടേയും അഞ്ചു മക്കളില്‍ നാലാമനാണ്.് പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ ദൈവവിളി ക്യാമ്പിലേക്ക് പോയി. വളരെ ബുദ്ധിമുട്ടും പ്രയാസവും അനുഭവിച്ച കുടുംബത്തില്‍ നിന്നുള്ള അംഗമായിരുന്നു. ആദ്യകുര്‍ബാന സ്വീകരിച്ചപ്പോള്‍ മനസില്‍ കുറിച്ചതാണ് വൈദീകനാകാന്‍ തീരുമാനം. സെമിനാരിയില്‍ ചേര്‍ന്ന് ആറു മാസം കഴിഞ്ഞപ്പോള്‍ രോഗം മൂലം തിരികെ വീട്ടിലേക്ക് പോകേണ്ടി വന്നു. തുടര്‍ച്ചയായ രോഗം മൂലം തന്റെ വൈദീക സ്വപ്‌നം നഷ്ടമാകുമോ എന്ന ചിന്ത അലട്ടി. എന്നാല്‍ ഉള്ളുരുകി ദൈവത്തോടുള്ള പ്രാര്‍ഥന അസ്ഥാനത്തായില്ല. അനുഗ്രഹ സ്പര്‍ശമുണ്ടായി. എന്റെ ജീവിതം ദൈവത്തിനുവേണ്ടി സമര്‍പ്പിക്കപ്പെട്ടതാണെന്നുള്ള സാക്ഷ്യമായിരുന്നു.
പത്രപ്രവര്‍ത്തക യൂണിനയും കേരളാ പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റയും ഈ ജീവകാരുണ്യമനസിന് ആദരവ് നല്കിയിരുന്നു. തിരുവനന്തപുരം പ്രസ് ക്ലബ് അംഗവും ലൂര്‍ദ് മാതാ കോളജ് എക്‌സിക്യൂട്ടീവ് ഡയറക്ടറും കൂടിയാണ് തലസ്ഥാനത്തെ ഈ ജീവകാരുണ്യ വൈദീകന്‍.
കോവിഡ് കാലഘട്ടത്തില്‍ ശ്രദ്ധേയമാണ് വിശുദ്ധ ഗ്രന്ഥത്തില്‍ ലൂക്കായുടെ സുവിശേഷം 10-ാം അധ്യായം 25 മുതല്‍ 35 വരെയുള്ള വചനം .നല്ല സമരിയാക്കാരന്റെ ഉപമ. . ‘വീണുകിടക്കുന്നവരെ മറ്റൊന്നും ആലോചിക്കാതെ കൈപിടിച്ച് ഉയര്‍ത്തുക’.അതുമാത്രമാണ് പറയാനുള്ളത്. സോണിയച്ചന്‍ പറഞ്ഞു നിര്‍ത്തി.