വ്ളോഗര്‍ റിഫ മെഹ്നുവിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് ലഭിച്ചേക്കും. ദുബൈയിലെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച റിഫ മെഹ്നുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മറവു ചെയ്ത മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് വരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇല്ലെങ്കില്‍ പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമിക വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കും. താമരശേരി ഡിവൈഎസ്പി ടി.കെ.അഷറഫിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. റിഫയുടെ ഭര്‍ത്താവ് മെഹനാസിനെതിരെ കാക്കൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
കൊലപാതക സൂചന ലഭിച്ചാല്‍ അന്വേഷണം ദുബായിലേക്കു വ്യാപിപ്പിക്കും. റിഫയുടെ സുഹൃത്തുക്കള്‍, ദുബായില്‍ ഒപ്പം താമസിച്ചിരുന്നവര്‍, ബന്ധുക്കള്‍ എന്നിവരുടെയെല്ലാം മൊഴി രേഖപ്പെടുത്തും.പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ സങ്കീര്‍ണതകള്‍ പരിശോധിച്ച ശേഷമായിരിക്കും മെഹനാസിനെ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടക്കുകയുള്ളു എന്നാണ് സൂചന.
മാര്‍ച്ച് 1നാണ് വ്ളോഗര്‍ റിഫ മെഹ്നുവിനെ ദുബായിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുബായില്‍ വച്ച് ഫോറന്‍സിക് പരിശോധന മാത്രമാണ് നടത്തിയിരുന്നത്. പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ കേരളത്തില്‍ വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. തുടര്‍ന്ന് ഇന്നലെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തിരുന്നു.