ടെന്നീസ് കോര്‍ട്ടില്‍ ചരിത്രം തിരുത്തിയെഴുതിയ പ്രതിഭ,റോജര്‍ ഫെഡറര്‍ കളമൊഴിയുമ്പോള്‍ അവസാനമാകുന്നത് ഒരു യുഗത്തിന്

0
67

24 വര്‍ഷം നീണ്ട അനുപമമായ കരിയറാണ് റോജര്‍ ഫെഡറര്‍ അവസാനിപ്പിക്കുന്നത്. ടെന്നീസ് കോര്‍ട്ടില്‍ ചരിത്രം പല തവണ തിരുത്തിയെഴുതിയാണ് ടെന്നീസ് കരിയറിന് അദ്ദേഹം വിരാമം കുറിക്കുന്നത്. 1997 സെപ്റ്റംബറില്‍ 16ാം വയസിലാണ് പ്രൊഫഷണല്‍ ടെന്നീസില്‍ ഫെഡറര്‍ അരങ്ങേറ്റം കുറിച്ചത്. ക്ലാസിക് ടെന്നീസിന്റെ സൗന്ദര്യവും പവര്‍ ടെന്നീസിന്റെ ചടുലതയും യോജിപ്പിച്ചുള്ള ഫെഡററിസം ടെന്നീസിലെ വിപ്ലവകരമായ കേളീ ശൈലിയാണ്. ആ റാക്കറ്റില്‍ നിന്നു പിറക്കുന്ന ഒറ്റകൈയന്‍ ബാക്ഹാന്‍ഡുകള്‍ക്കും സ്ലൈസിങ് ഷോട്ടുകളും തുടങ്ങി അദ്ദേഹം മൈതാനത്ത് പടര്‍ത്തിയ സുന്ദര നിമിഷങ്ങള്‍ക്ക് കണക്കില്ല. ഫെഡറര്‍ കളമൊഴിയുമ്പോള്‍  അക്ഷരാര്‍ത്ഥത്തില്‍ ഒരു യുഗത്തിനാണ് അവസാനമാകുന്നത്.

310 ആഴ്ചകള്‍ ടെന്നീസ് റാങ്കിങ്ങിന്റെ തലപ്പത്തിരുന്നതിന്റെ പെരുമയുണ്ട് ഫെഡറര്‍ക്ക്. അതില്‍ 237 ആഴ്ചകള്‍ തുടര്‍ച്ചയായി ഒന്നാം സ്ഥാനത്ത് അദ്ദേഹം അമര്‍ന്നിരുന്നു. ഇതും റെക്കോര്‍ഡാണ്. അഞ്ച് തവണ ഒന്നാം റാങ്കുമായി അദ്ദേഹം പുതുവര്‍ഷത്തിലേക്കു കടന്നു. ആകെ നേടിയ 20 ഗ്രാന്‍സ്ലാം കിരീടങ്ങളില്‍ എട്ടെണ്ണം വിംബിള്‍ഡന്‍ വേദിയില്‍ നിന്നാണ്. ഇതും റെക്കോര്‍ഡാണ്.

36 വയസും 195 ദിവസവും പിന്നിട്ടപ്പോള്‍ പുരുഷ ടെന്നീസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ ഒന്നാം റാങ്കുകാരനായും ഫെഡറര്‍ റെക്കോര്‍ഡിട്ടിരുന്നു. 2003ല്‍ 33ാം വയസില്‍ ഒന്നാം സ്ഥാനത്തെത്തിയ ആന്ദ്രേ അഗാസിയുടെ റെക്കോര്‍ഡാണു മറികടന്നത്. 2012 നവംബറിലാണു ഫെഡറര്‍ അതിനു മുന്‍പ് ലോക ഒന്നാം റാങ്കിലെത്തിയത്.

അഞ്ച് വര്‍ഷങ്ങള്‍ക്കും 106 ദിവസങ്ങള്‍ക്കും ശേഷം വീണ്ടും ഒന്നാം റാങ്കിലെത്തിയതും റെക്കോര്‍ഡായി. 2004ല്‍ ആദ്യമായി ഒന്നാം റാങ്കിലെത്തി, 14 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും അതേ സ്ഥാനത്തെത്തിയതു മറ്റൊരു റെക്കോര്‍ഡ്. ഫെഡററുടെ എക്കാലത്തേയും വലിയ എതിരാളിയായ റാഫേല്‍ നദാലിനെയാണ് അദ്ദേഹം ഇവിടെ മറികടന്നത്.

എട്ട് വിംബിള്‍ഡണ്‍ കീരിടങ്ങള്‍ കൂടാതെ ആറ് ഓസ്ട്രേലിയന്‍ ഓപ്പണ്‍, അഞ്ച് യുഎസ് ഓപ്പണ്‍, ഒരു ഫ്രഞ്ച് ഓപ്പണ്‍ കിരീടങ്ങളും അദ്ദേഹം സ്വന്തമാക്കി. ആറ് എടിപി ടൂര്‍ ഫൈനല്‍സ് ആറ് തവണയാണ് ഫെഡറര്‍ വിജയിച്ചത്. 2012ലെ ലണ്ടന്‍ ഒളംപിക്‌സില്‍ സിംഗിള്‍സില്‍ വെള്ളി നേടിയ ഫെഡറര്‍ 2008ലെ ബെയ്ജിങ് ഒളിംപിക്‌സില്‍ ഡബിള്‍സ് സ്വര്‍ണം സ്വന്തമാക്കിയിട്ടുണ്ട്. കരിയറിലാകെ 223 ഡബിള്‍സ് മത്സരങ്ങളും കളിച്ചു.

Leave a Reply