തിരുവനന്തപുരം: ഇഡി പരിശോധന നടത്തിയ ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപനങ്ങളുടെ ഉടമയായ ബിഷപ്പ് കെ പി യോഹന്നാന് എതിരെ ലേഖനവുമായി സീറോ മലബാര്‍ പ്രസിദ്ധീകരണമായ സത്യദീപം. കെ.പി. യോഹന്നാനെക്കുറിച്ച് പുറത്തു വരുന്ന വാര്‍ത്തകള്‍ ബിലിവേഴ്സ് ചര്‍ച്ചിന് മാത്രമല്ല, സകല ക്രൈസ്തവവിശ്വാസികള്‍ക്കും അവമതിപ്പിനിടയാക്കിയെന്ന് സത്യദീപം കുറിക്കുന്നു.
മാമോന്റെ സുവിശേഷം’ എന്ന തലക്കെട്ടുമായി ഇറങ്ങിയ ലേഖനത്തിലാണ് ഇത്തരത്തില്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. െസുവിശേഷീകരണത്തിന്റെ മറവില്‍ തുടര്‍ന്ന ‘മാമോന്‍’ ശുശ്രൂഷയുടെ നാണം കെട്ട കഥകളെയാണ് വെളിച്ചപ്പെടുത്തിയത് എന്നും സത്യദീപത്തിന്റെ എഡിറ്റോറിയലില്‍ കുറ്റപ്പെടുത്തുന്നു.
900 രൂപയുടെ ആസ്തിയില്‍ 1980-ല്‍ ഗോസ്പല്‍ മിനിസ്ട്രി എന്ന പേരില്‍ തിരുവല്ലയില്‍ രജിസ്റ്റര്‍ ചെയ്ത് തുടങ്ങിയ ട്രസ്റ്റാണ് പിന്നീട് 1991-ല്‍ ഗോസ്പല്‍ ഫോര്‍ ഏഷ്യയായും, 2003-ല്‍ ബിലിവേഴ്സ് ചര്‍ച്ചായും രൂപം മാറിയത്. പുറത്തു നിന്നും വരുന്ന വിവരം അനുസരിച്ച് ഇക്കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ മാത്രം ഏകദേശം 6,000 കോടി രൂപ വിദേശത്ത് നിന്നും സംഭാവനയായി ലഭിച്ചിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും റിയല്‍ എസ്റ്റേര്‌റ് മേഖലയിലാണ് ചെലവഴിച്ചിരിക്കുന്നത് എന്നും സത്യദീപം ആരോപിക്കുന്നു.
ചുരുങ്ങിയ കാലത്തിനുള്ളില്‍ സംസ്ഥാനത്തിനുള്ളിലും പുറത്തുമായി ഭൂമികള്‍ വാങ്ങിക്കൂട്ടി വലിയ സ്ഥാപനങ്ങള്‍ നിര്‍മ്മിച്ചും ഒരു ആത്മീയ വ്യവസായ സാമ്രാജ്യമായി വളരാന്‍ ബിലിവേഴ്സ് ചര്‍ച്ചിനു കഴിഞ്ഞു. അതിന് പിന്നില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ താങ്ങും തണലും നിര്‍ലോഭമായി കിട്ടിയെന്നത് വാസ്തവമാണെന്നും മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു.