തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ക്രൈസ്തവസഭകളില്‍ സ്വാധീനം ഉറപ്പിക്കാനായി സിപിഎമ്മും ബിജെപിയും തിരക്കിട്ട നീക്കം ആരംഭിച്ചു. ജോസ് കെ.മാണിയെ ഇടനില നിര്‍ത്തി കത്തോലിക്കാ സഭയില്‍ സ്വാധീനം ഉറപ്പിക്കാനുള്ള നീക്കമാണ് സിപിഎം നടത്തുന്നത്. എന്നും യുഡിഎഫിന്റെ ഉറച്ച വോട്ട് ബാങ്കുകളില്‍ ഒന്നായ ക്രൈസ്തവ സഭയ്ക്ക് യുഡിഎഫിനോട് അടുത്ത കാലത്തായി നിലനില്ക്കുന്ന നീരസം മുതലെടുക്കാനുള്ള നീക്കമാണ് ഇടതുപക്ഷം നടത്തുന്നത്. യുഡിഎഫില്‍ മുസ്‌ളീം ലീഗിന് അപ്രമാതിത്വമെന്ന പ്രചാരണം ഏറ്റവുമധികം വ്യാപിപ്പിക്കുന്നതിലൂടെ ക്രൈസ്തവ സഭകള്‍ക്ക് യുഡിഎഫിനോടുള്ള അകല്‍ച്ച വര്‍ധിക്കുകയും ഇത് ഇടതു മുന്നണിയിലേക്ക് ക്രൈസ്തവസഭകളെ അടുപ്പിക്കുകയുമാണ് ലക്ഷ്യമിടുന്നത്. ലൗജിഹാദ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കൂടുതല്‍ ചര്‍ച്ചയാക്കാന്‍ ചിലകോണുകളില്‍ നിന്നും നീക്കം നടക്കുന്നു. ലൗജിഹാദ് വിഷയത്തില്‍ ഉള്‍പ്പെടെ വിവിധ ക്രൈസ്തവവിഭാഗങ്ങള്‍ ശക്തമായി രംഗത്തു വന്നിരുന്നു. ക്രിസ്ത്യന്‍- മുസ്‌ളീം വിഭാഗങ്ങള്‍ അകന്നാല്‍ യുഡിഎഫ് വോട്ട് ബാങ്കില്‍ വന്‍ വിള്ളല്‍ ഉണ്ടാവുമെന്നും അത് തങ്ങള്‍ക്ക് അനുകൂലമാകുമെന്നുമാണ് ബിജെപിയും എല്‍ഡിഎഫും ഒരേപോലെ വിശ്വസിക്കുന്നത്. റോമന്‍ കത്തോലിക്കാ വിഭാഗങ്ങള്‍ക്കിടയില്‍ നിന്നും പരമാവധി വോട്ട് നേടുകയാണ് ഇടതുപക്ഷം ലക്ഷ്യമിടുന്നത്.
ഓര്‍ത്തഡോക്‌സ് -യാക്കോബായാ സഭാക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ യാക്കോബായ വിഭാഗത്തിനു പൂര്‍ണ പിന്തുണ നല്കുന്നതായി ഓര്‍ത്തഡോക്‌സ് പക്ഷം ആക്ഷേപം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബിജെപി രംഗത്തെത്തിയത്. മിസോറാം ഗവര്‍ണര്‍ ശ്രീധരന്‍പിള്ളയെ മധ്യസ്ഥനാക്കി ചര്‍ച്ച നടത്തിയതു ബിജെപിയുടെ ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം സംസ്ഥാനം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഓര്‍ത്തഡോക്‌സ് ബിഷപ്പിന്റെ കൂടി സ്വാധീനത്തിന്റെ ഭാഗമായാണ് ഈ ചര്‍ച്ച നടത്തിയതെന്നും സൂചനയുണ്ട്. നിലവില്‍ സഭാ കേസില്‍ സുപ്രീം കോടതിയും കേന്ദ്ര സര്‍ക്കാരും ഇടപെട്ട പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പള്ളിക്കേസില്‍ ഒരു ഓര്‍ഡിനന്‍സ് ഇറക്കാനുള്ള സാധ്യതയില്ല. നിയമസഭാ തെരഞ്ഞെടുപ്പ് വരെ പ്രശ്‌നം സജീവമായി നിര്‍ത്താനാവും സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുക. അതേ സമയം ഓര്‍ത്തഡോക്‌സ് സഭയുമായി നല്ല ബന്ധത്തിലാണെന്നു വരുത്തി പത്തനംതിട്ട കോട്ടയം ജില്ലകളില്‍ പരമാവധി വോട്ട് സമ്പാദിക്കാനാവും ബിജെപിയുടെ ശ്രമം.