മുവാറ്റുപുഴ: റബർ കർഷകർ നേരിടുന്ന കടുത്ത പ്രതിസന്ധി കേന്ദ്ര സംസ്ഥാന സർക്കാരുകൾ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് മുൻ എം പിയും കേരള കോൺഗ്രസ് നേതാവുമായ കെ ഫ്രാൻസിസ് ജോർജ് കുറ്റപ്പെടുത്തി.
2011 -ൽ റബറിന് 238 രൂപവരെ വില ലഭിച്ചപ്പോൾ ഇപ്പോൾ അത് തകർന്ന് 140 -ൽ എത്തിനിൽക്കുമ്പോൾ ഇവിടുത്തെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷകരോടുള്ള അവഗണനയുടെ ആഴം വ്യക്തമാണ്. 12 ലക്ഷത്തോളം റബർ കർഷകരാണ് സംസ്ഥാനത്തു വലിയ തകർച്ച നേരിടുന്നത്. കർഷകരിൽ വലിയൊരു വിഭാഗം റബർ തുടർ കൃഷിക്ക് തയാറാകാതെ മറ്റു കൃഷികളിലേക്ക് മാറുകയാണ്. തൊളിലാളികളെ വച്ച് ടാപ്പിംഗ് ലാഭകരമല്ലാത്തതിനാൽ അനേകം കർഷകർ ടാപ്പിംഗ് വേണ്ടെന്ന് വെച്ചിരിക്കുകയാണ് .
കേരളത്തിലെ കർഷകർക്ക് യാതൊരുവിധ സബ് സിഡിയും ആനുകൂല്യങ്ങളും നൽകാത്ത റബർ ബോർഡ് 2025 -യോടുകൂടി 15 ലക്ഷം ടൺ ആവശ്യകത കണക്കാക്കി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ റബർ കൃഷി വ്യപിപ്പിക്കുവാനുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്.കേന്ദ്ര സർക്കാർ ഇറക്കുമതി ചുങ്കം വർദ്ധിപ്പിക്കുവാൻ തയാറാകണം. കർഷകർക്ക് നൽകിയ വാഗ്‍ദാനം പാലിക്കുവാൻ കേരള സർക്കാർ തയാറാകണമെന്നും വില സ്ഥിരത പദ്ധതി പ്രകാരം അടിസ്ഥാന വില 200 രൂപയാക്കാൻ സർക്കാർ അടിയന്തിര തീരുമാനമെടുക്കണമെന്നും ഫ്രാൻസിസ് ജോർജ് അവശ്യപ്പെട്ടു.