യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ച് റഷ്യ

0
231

യുക്രൈനുമായി യുദ്ധം പ്രഖ്യാപിച്ച് റഷ്യ. യുക്രൈനെ ആക്രമിക്കാന്‍ റഷ്യന്‍ സൈന്യത്തിന് പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ ഉത്തരവ് നല്‍കി. ഡോണ്‍ബാസിലില്‍ സൈനിക നടപടിക്കാണ് പുടിന്‍ നിര്‍ദേശം നല്‍കിയത്. യുക്രൈനില്‍ പ്രത്യേക സൈനിക ഓപ്പറേഷനാണ് നടത്തുന്നത്. യുക്രൈന്റെ ഭീഷണിയില്‍ നിന്നും റഷ്യയെ സംരക്ഷിക്കേണ്ടതുണ്ട്. അതിനാല്‍ യുദ്ധമല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്ന് പുടിന്‍ പ്രസ്താവിച്ചു.

നാറ്റോ വിപുലീകരണത്തിന് യുക്രൈനെ ഭാഗമാക്കുന്നത് അംഗീകരിക്കാനാകില്ല. യുക്രൈനെ സൈനിക രഹിതവും നാസി വിമുക്തവുമാക്കുകയാണ് റഷ്യയുടെ ലക്ഷ്യം. അല്ലാതെ അധിനിവേശമല്ലെന്നും പുടിന്‍ പറഞ്ഞു. കിഴക്കന്‍ യുക്രൈന്‍ അതിര്‍ത്തി മേഖലയിലെ വ്യോമാതിര്‍ത്തി റഷ്യ അടച്ചു. മേഖലയില്‍ സിവിലിയന്‍ വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. തെക്കന്‍ ബെലാറസിലെ യുക്രൈന്‍ അതിര്‍ത്തിയില്‍ നിരവധി സൈനിക വാഹനങ്ങളും ഡസന്‍ കണക്കിന് ടെന്റുകളും ആയുധങ്ങളും  സജ്ജമാക്കിയതായുള്ള സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

റഷ്യന്‍ നീക്കത്തിനെതിരെ യു എന്‍ സഹായം യുക്രൈന്‍ അഭ്യര്‍ത്ഥിച്ചു. റഷ്യക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ പാശ്ചാത്യരാജ്യങ്ങളോട് യുക്രൈന്‍ പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചു. അതേസമയം യുക്രൈന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യാനായി യുഎന്‍ രക്ഷാസമിതിയുടെ അടിയന്തര യോഗം ചേരുകയാണ്. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് യോഗം ചേരുന്നത്. യുക്രൈനെ ആക്രമിക്കുന്നതില്‍ നിന്നും റഷ്യ പിന്മാറണമെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.

Leave a Reply